ദേശീയ ചലചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് ന്യൂസ് 18ലെ മാധ്യമപ്രവര്‍ത്തകന്‍ എം ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു.
ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
സെൽഫ്, സെൽഫി, സെൽഫിഷ്..
(ദേശീയ ചലച്ചിത്ര വിതരണ വിവാദത്തിന്റെ 24 മണിക്കൂർ നീണ്ട സസ്പെൻസ്, സംഘർഷങ്ങൾ, ക്ളൈമാക്സ്; ഒരു ദൃക്‌സാക്ഷി വിവരണം)
-സീൻ 1-
ദേശീയ ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങിന് മുൻപ് നടന്ന സംഭവങ്ങൾക്ക് സിനിമ തോൽക്കുന്ന സസ്പെൻസായിരുന്നു. ബുധനാഴ്ച വിജ്ഞാൻ ഭവനിലെ റിഹേഴ്സലിൽ പങ്കെടുത്തപ്പോഴാണ് പുരസ്കാര ജേതാക്കൾ രാഷ്ട്രപതിയല്ല പുരസ്കാരം നൽകുന്നതെന്ന് തിരിച്ചറിഞ്ഞത്. രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം വാങ്ങാൻ ആഗ്രഹിച്ചെത്തിയവർ അതോടെ നിരാശയിലായി. പ്രോട്ടോക്കാൾ കാരണമാണ് രാഷ്ട്രപതിക്ക് പുരസ്കാരം നൽകാൻ ആകാത്തതെന്നു വിശദീകരിച്ചു വാർത്താ വിതരണ സെക്രട്ടറി രംഗം തണുപ്പിക്കാൻ ശ്രമിച്ചു. മന്ത്രി പുരസ്കാരം നൽകുന്നതിന് പിന്നിലെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞ ബംഗാളിൽ നിന്നുള്ള പുരസ്കാര ജേതാക്കൾ ശക്തമായി പ്രതികരിച്ചു. നിലപാട് കിറു കൃത്യമായി അവതരിപ്പിച്ചു. കേരളത്തിൽ നിന്നുള്ള പുരസ്കാര ജേതാക്കൾ പിന്തുണയുമായി എത്തി. ഇതോടെ സെക്രട്ടറിക്ക് ഉത്തരം മുട്ടി. പിന്നാലെ വാർത്താ വിതരണ മന്ത്രി സ്‌മൃതി ഇറാനി വന്നു. തീരുമാനം രാഷ്ട്രപതി ഭവന്റേതാണെന്നും മന്ത്രാലയത്തിന് പങ്കില്ലെന്നും വിശദീകരിച്ചു. രാഷ്ട്രീയ നേതാവിന്റെ നയതന്ത്ര പാടവത്തോടെയായൊരുന്നു മന്ത്രിയുടെ വരവ്. ആദ്യം വളരെ ഭവ്യതയോടെ പറഞ്ഞു. പിന്നീട് കൈമലർത്തി. മന്ത്രിയിൽ നിന്ന് പുരസ്കാരം വാങ്ങില്ലെന്ന് അംഗങ്ങൾ തീർത്ത് പറഞ്ഞതോടെ മട്ടുമാറി. ഒരു കേന്ദ്ര ക്യാബിനറ്റ് കേന്ദ്രമന്ത്രിയോടാണ് നിങ്ങൾ സംസാരിക്കുന്നത് എന്നോർക്കണം എന്നായി മന്ത്രി. രാഷ്ട്രപതിയുടെ സൗകര്യം അനുസരിച്ചു മറ്റൊരു തീയതി പുരസ്കാരം നൽകണമെന്ന നിർദ്ദേശവും അംഗീകരിക്കപ്പെട്ടില്ല. പുരസ്കാരം വാങ്ങിയില്ലെങ്കിൽ അത് രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന വിചിത്രവാദവും മന്ത്രി ഉന്നയിച്ചു. അവാർഡ് വിതരണം കഴിഞ്ഞ ശേഷം രാഷ്ട്രപതിക്ക് ഒപ്പം വിവിധ ബാച്ചുകളായി ഫോട്ടോ എടുക്കാമെന്ന ഒരു വാഗ്ദാനം നൽകിയും മന്ത്രി അനുനയ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
-സീൻ 2-
മന്ത്രിയുമായുള്ള ചർച്ച അലസി പിരിഞ്ഞതോടെ പിന്നീടുള്ള മണിക്കൂറുകളിൽ പുരസ്കാര ജേതാക്കളുടെ നിരവധി കൂടിയാലോചനകൾ നടന്നു. കൃത്യമായി ഇന്നലെ വൈകുന്നേരം ഏഴു മണിമുതൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര , ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള പുരസ്കാര ജേതാക്കൾ നിലപാടിൽ ഉറച്ചു നിന്നു. മന്ത്രിയിൽ നിന്ന് പുരസ്കാരം വേണ്ടെന്ന് ആവർത്തിച്ചാവശ്യപ്പെട്ടു. കേന്ദ്ര വാർത്താ വിതരണ മന്ത്രിക്കും രാഷ്ട്രപ്തിക്കും നൽകാനുള്ള കത്തുകൾ ഡ്രാഫ്റ്റ് ചെയ്തു. രാവിലെയോടെ നിരവധി പേർ കത്തിൽ ഒപ്പുവച്ചു. ആദ്യം ഒപ്പുവച്ചത് സുരേഷ് ഏരിയാട്ട്. ഫഹദ് ഫാസിൽ, പാർവതി, സജീവ് പാഴൂർ തുടങ്ങി മലയാളത്തിലെ പുരസ്കാര ജേതാക്കൾ ആയ ഒട്ടുമിക്കവരും ആവേശത്തോടെ ഒപ്പുവച്ചു.
എന്നാൽ രണ്ടുപേർ ഒപ്പു വയ്ക്കുമോയെന്നതിൽ അവസാനം വരെ അനിശ്ചിതത്വമായിരുന്നു, ഗാനഗന്ധർവൻ കെ.ജെ യേശുദാസും, സംവിധായകൻ ജയരാജും! ഭാഗ്യലക്ഷ്മി അടക്കമുള്ള മലയാളികൾ അശോക ഹോട്ടലിലെ യേശുദാസിന്റെ റൂമിൽ എത്തി. അദ്ദേഹത്തെ കത്തിലെ ഉള്ളടക്കം വായിച്ചു കേൾപ്പിച്ചുവെന്നാണ് ഭാഗ്യലക്ഷ്മി ഓൺ റെക്കോർഡിൽ പറഞ്ഞത്. യേശുദാസിന്റെ ഒപ്പിനായി ഇത്രയും പരിശ്രമിക്കാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. യേശുദാസിന്റെ ഒപ്പുണ്ടെങ്കിലെ താൻ കത്തിൽ ഒപ്പുവയ്ക്കൂ എന്ന നിലപാടിൽ ആയിരുന്നു ജയരാജ്. കത്തിലെ കാര്യങ്ങൾ ധരിപ്പിച്ച ശേഷം യേശുദാസ് ഒപ്പുവച്ചു, കത്തിലെ 59 ആം നമ്പർ ഒപ്പ് യേശുദാസിന്റെ പേരിൽ രേഖപ്പെട്ടു. ജയരാജിന്റെ ഒപ്പുമായി ജയരാജിന്റെ അടുത്തെത്തി സിനിമാ പ്രവർത്തകർ. എന്നാൽ യേശുദാസിനെ വിളിച്ചുറപ്പിക്കണമായിരുന്നു ജയരാജിന്. എല്ലാകാര്യങ്ങൾക്കും എന്റെ തീരുമാനം കാക്കേണ്ടതില്ലല്ലോ എന്ന തമാശ കലർന്ന മറുപടിയായിരുന്നു യേശുദാസ് നൽകിയതെന്നാണ് അശോക ഹോട്ടലിന്റെ ഇടനാഴികളിൽ കേട്ടത്. ജയരാജ് 69ആമതായി കത്തിൽ ഒപ്പുവച്ചു. സമയം പത്തര മണി കഴിഞ്ഞിരുന്നു അപ്പോഴേക്കും.
കത്ത് രാഷ്ട്രപതി ഭവനും മന്ത്രിക്കും അയച്ചു.
പതിനൊന്ന് മണിക്ക് ബംഗാളി ചലച്ചിത്ര പ്രവർത്തകയുടെ നേതൃത്വത്തിൽ കത്തിന്റെ പകർപ്പുമായി പുരസ്കാര ജേതാക്കൾ ഹോട്ടലിന് പുറത്തെത്തി. കത്തിലെ ഉള്ളടക്കം വായിച്ചു. ന്യൂസ് 18 ലെ എന്റെ സഹപ്രവർത്തകൻ ER Ragesh നോട് ലൈവിൽ ഭാഗ്യ ലക്ഷ്മി വിശദമായി മലയാളത്തിൽ പറഞ്ഞു, കത്തിലെ ഉള്ളടക്കവും, നിലപാടും..
-സീൻ 3-
തുടർന്ന് രണ്ടു മണിവരെ കത്തിൽ സർക്കാറോ രാഷ്ട്രപതി ഭവനോ എന്ത് തീരുമാനം എടുക്കുമെന്ന ആകാംക്ഷയായിരുന്നു പുരസ്കാര ജേതാക്കളുടെ മുഖത്ത്. അതിനിടെ ജൂറി ചെയർമാൻ ശേഖർ കപ്പൂർ അനുരഞ്ജന ചർച്ചകൾക്കായി രംഗത്തെത്തി. പുരസ്കാര ജേതാക്കളെ അദ്ദേഹം ഹോട്ടൽ അശോകയിൽ കണ്ടു. പത്തരയ്ക്ക് ശേഷമായിരുന്നു ആദ്യ യോഗം .കത്ത് തയ്യാറാക്കി അതിൽ ഒപ്പുവച്ച കാര്യം അദ്ദേഹത്തെ പുരസ്കാര ജേതാക്കൾ അറിയിച്ചു. കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ ശേഖർ കപ്പൂർ ഇക്കാര്യങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് അറിയിച്ചു.
-സീൻ 4-
അതിനിടെ പലസാധ്യതകളും അഭ്യൂഹങ്ങളും കേട്ടു വരാന്ത ചർച്ചകളിൽ. രാഷ്ട്രപതി എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകുമെന്നും പുരസ്കാരം മന്ത്രി നൽകുമെന്നും ഒക്കെ. ചടങ്ങിന് പോകുന്നവർ ഒന്നര മണിയോടെ ലോണിൽ എത്തണം എന്നായിരുന്നു നിർദ്ദേശം. പാർവതിയും ഭാഗ്യ ലക്ഷ്മിയും സജീവ് പാഴൂരും അടക്കമുള്ള മലയാള താരങ്ങൾ പതിവ് വേഷത്തിൽ ലോണിൽ നിന്നു. ആരൊക്കെ തയ്യാറായി ഇറങ്ങുന്നുവെന്ന് ഓരോരുത്തരും നിരീക്ഷിച്ചു. പ്രതിഷേധത്തിന് ഇന്നലെ മുൻനിരയിൽ ഉണ്ടായിരുന്ന മറ്റു സംസ്ഥാനത്തു നിന്നുള്ള ഒരു പുരസ്കാര ജേതാവ് കോട്ട് ധരിച്ചു മുഖത്തുപോലും നോക്കാതെ ലിഫ്റ്റ് ഇറങ്ങി പോകുന്നതിൽ ചിലർ നിരാശ പൂണ്ടു.
-സീൻ5: ആന്റി ക്ളൈമാക്സ്-
രണ്ടേകാലോടെയാണ് എല്ലാവരെയും ഏറെ നിരാശരാക്കിയ ആ വരവ്, ലിഫ്റ്റ് തുറന്ന് വരുന്നു ഗാനഗന്ധർവൻ കെ.ജെ യേശുദാസ്.
പിന്നീട് മാധ്യമ പ്രവൃത്തകരുടെയും പുരസ്കാര ജേതാക്കളുടെയും കണ്ണുകൾ അദ്ദേഹത്തിലേക്കായി. ഞാനും ഇ.ആർ രാഗേഷും അരുണും അമലും അനൂപും ചന്ദു കിരണും മിജിയും ഷെറിനുമൊക്കെ ലിഫ്റ്റിന് സമീപത്ത് നിൽക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ തലയാട്ടി. മുന്നോട്ട് നടന്നപ്പോൾ ഒരു മാധ്യമ പ്രവർത്തക യേശുദാസിന്റെ സംഭാഷണം ഫോണിൽ പകർത്താൻ ശ്രമിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. വേഗത്തിൽ പുറത്തേക്ക് നടന്നു. പുറത്തെ പടിയിൽ എത്തിയപ്പോഴേക്കും ഒരു ചെറുപ്പക്കാരൻ യേശുദാസിനൊപ്പമുള്ള ഒരു ഫ്രേം എങ്ങനെയോ തരപ്പെടുത്തി സെൽഫി എടുത്തു. രണ്ടു ക്ലിക്ക്. അപ്പോഴേക്കും യേശുദാസ് ഫോൺ തട്ടിമാറ്റി. സെൽഫി എടുത്തയാളോട് അത് ഡിലീറ്റ് ചെയാൻ പറഞ്ഞു.ആദ്യം അയാൾക്ക് കാര്യം മനസിലായില്ല. പിന്നാലെ യേശുദാസ് തന്നെ പറഞ്ഞു ഫോൺ തരൂ ഞാൻ ഡിലീറ്റ് ചെയ്യാം. അദ്ദേഹം രണ്ടു ഫോട്ടോകളും ഡിലീറ്റ് ചെയ്‌തു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു. സെൽഫി ഈസ് സെല്ഫിഷ്!
ചെറുപ്പക്കാരൻ നിരാശ നിറഞ്ഞ മുഖത്തോടെ തിരിഞ്ഞു നടന്നു.
അപ്പോൾ ഞങ്ങൾ യേശുദാസിനോട് വീണ്ടും ചോദിച്ചു. തീരുമാനം മാറ്റിയില്ലെങ്കിൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കത്തിൽ പറഞ്ഞിരുന്നല്ലോ, ഭൂരിഭാഗം പേരും അങ്ങനെ തീരുമാനിച്ചു എന്നാണ് പറയുന്നത്. അങ്ങ് തീരുമാനം മാറ്റുകയാണോ?
പുരസ്കാര ചടങ്ങ് ബഹിഷകരിക്കാൻ ആരും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രപതി പുരസ്കാരം നൽകണമെന്ന നിവേദനത്തിൽ ഒപ്പുവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിന്റെ അർഥം പുരസ്കാരം വാങ്ങില്ലെന്നല്ല. ചടങ്ങിൽ പങ്കെടുക്കും. പറഞ്ഞു നിർത്തി അദ്ദേഹം കാറിൽ കയറി പോയി..
-സീൻ 6- ആന്റി ക്ളൈമാക്സ് 2-
അൽപ്പ സമയത്തിനകം ദീപികയിലെ സെബി പറഞ്ഞു, ജയരാജുകൂടി പങ്കെടുക്കും. ഞങ്ങൾ ജയരാജിന്റെ വരവ് കാത്ത് ലിഫ്ടിന് അടുത്തു നിന്നു. ഭാര്യക്കൊപ്പം എത്തിയ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനം ഇല്ല. ഒരു പരാതി ഉന്നയിച്ചു. അത് സർക്കാർ അംഗീകരിക്കുമോയെന്ന് വേദിയിൽ ചെന്ന് പരിശോധിച്ചാലെ മനസ്സിലാകൂ. പുരസ്കാരം വാങ്ങാതിരിക്കുന്നത് വ്യക്തി പരമായി ഓരോരുത്തർക്കും നഷ്ടമാണ്. ജയരാജിനൊപ്പം അദ്ദേഹത്തിൻറെ സിനിമയിലൂടെ മികച്ച ക്യാമറാമാൻ ആയ നിഖിലും ചടങ്ങിനായി ഇറങ്ങി..
– സീൻ 7- ക്ളൈമാക്സ്-
യേശുദാസിന്റെയും ജയരാജിന്റെയും തീരുമാനം പലരെയും നിരാശരാക്കി.
പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞുകാണും. ശേഖർ കപ്പൂർ വീണ്ടും എത്തി. എല്ലാവരും പ്രതീക്ഷയോടെ യോഗ വേദിയിലേക്ക് നീങ്ങി. പുരസ്കാര ജേതാക്കളുമായി അദ്ദേഹം അശോക ഹോട്ടലിൽ വീണ്ടും ചർച്ചയ്ക്കിരുന്നു. പ്രോട്ടോകോൾ കാരണം പരിപാടിയിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാർ അല്ലെന്ന തീരുമാനം അദ്ദേഹം അറിയിച്ചു. പ്രോട്ടോകോൾ കാരണം രാഷ്ട്രപതി ഒരു മണിക്കൂർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചകാര്യവും അദ്ദേഹം പങ്കുവച്ചു. പിന്നീട് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയം: ” ജൂറി ചെയർമാൻ എന്ന നിലയിൽ പുരസ്കാര ജേതാക്കളുടെ വ്യക്തിപരമായ നിലപാടിനെ സ്വാധീനിക്കുന്ന ഒരു നിർദ്ദേശവും താൻ മുന്നോട്ട് വയ്ക്കില്ല. ഓരോരുത്തർക്കും സ്വന്തം മനസ്സിൽ ശരിയെന്ന് തോന്നുന്ന തീരുമാനവുമായി മുന്നോട്ട് പോകാം..”
യോഗത്തിൽ പങ്കെടുത്തവരിൽ നിർമ്മാതാവ് ആർ.സി സുരേഷും സംവിധായകൻ മേഘ്‌നാഥ് നേഗിയും കടുത്ത നിലപാടിന് സമയമായെന്ന് പ്രഖ്യാപിച്ചു. മലയാളത്തിലെ ഭൂരിഭാഗം സിനിമാ പ്രവർത്തകരും ഇതിനെ പിന്തുണച്ചു. വിവേചനം ശരിയല്ല, ചലച്ചിത്ര പുരസ്കാര വിതരണത്തിന്റെ സംസ്കാരം തന്നെ തകർക്കാനാണ് സർക്കാർ ശ്രമമെന്ന് സുരേഷും നേഗിയും വ്യക്തമാക്കി. ഇത് അനുവദിച്ചു കൊടുക്കരുത് , സിനിമയിലെ വരും തലമുറയ്ക്ക് വേണ്ടി പോരാടണം. ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തോടെ യോഗം നടന്ന സ്ഥലത്തു നിന്ന് ആൾക്കാർ നീങ്ങി.
സെൽഫിയും സെല്ഫിഷും അല്ല ഞങ്ങൾ എന്ന് അവർ പറയാതെ പറയും പോലെ തോന്നി. ഒരു തീരുമാനം, ഒറ്റക്കെട്ട്. കത്തിൽ ഒപ്പിട്ട 69 പേരിൽ മൂന്ന് പേർ ഒഴികെ മറ്റാരും ചടങ്ങിന് പോകില്ലെന്ന് അവർ വ്യക്തമാക്കി. വിജ്ഞാൻ ഭവനിൽ ചടങ്ങു നടക്കുന്നതിന് ഇടെ അവർ മാധ്യമങ്ങളെ കണ്ടു, മേഘ്‌നാദ് നേഗിയും സുരേഷും വിസി അഭിലാഷും സന്ദീപ് സേനനും പാർവതിയും നിലപാട് വിശദീകരിച്ചു. അതിനിടെ ചിലരുടെ അകൗണ്ടിലേക്ക് പുരസ്കാര തുക എത്തിയിരുന്നു. ബഹിഷ്കരണം പൊളിക്കാനാണോ ഇതെന്ന സംശയങ്ങൾ ഉയർന്നു..
– സീൻ 8-
അതിന് മുൻപ് തന്നെ ഫഹദ് ഫാസിലും നസ്രിയയും ഹോട്ടലിൽ നിന്ന് ഇറങ്ങിയിരുന്നു. താരങ്ങളെ കണ്ട് അടുത്തെത്തിയ എല്ലാവർക്കും ഒപ്പം സെല്ഫികൾക്ക് പോസ് ചെയ്തു ഫഹദ്. ചിരിച്ചു സന്തോഷം. പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ ബൈറ്റ് ചോദിച്ചു. ” ഇതിൽ എന്ത് പറയാൻ, എല്ലാം നിങ്ങൾക്ക് അറിയുന്നതല്ലേ.. ” ബൈ, പറഞ്ഞു ബംഗളൂരുവിലേക്ക് പോകുന്നതിന് എയര്പോര്ട്ടിലേക്ക് ഇരുവരും വണ്ടി കയറി..
– സീൻ 9 : The End-
പുരസ്കാര വിതരണം നടക്കുമ്പോൾ തീരുമാനത്തിൽ ഉറച്ച് അതിൽ യാതൊരു തെറ്റും ഇല്ലെന്ന് ആവർത്തിച്ചു വിട്ടു നിന്നവർ. അവർ പറഞ്ഞ വാക്കുകളാണ് ഇനി ചരിത്രം.
” ഞങ്ങൾ പോയി പുരസ്കാരം വാങ്ങിയിരുന്നെങ്കിൽ ഒരു പതിവ് പരിപാടിയായി ഇത് അവസാനിക്കും. പക്ഷെ ഞങ്ങൾ വിട്ടു നിന്നതിലൂടെ ഒരു വലിയ വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്.”
മണിക്കൂറുകൾക്ക് ശേഷം ചടങ്ങു കഴിഞ്ഞെത്തിയ യേശുദാസ് ഒന്നും പറയാതെ മുറിയിലേക്ക് പോയി. ജയരാജ് വന്നപ്പോൾ പറഞ്ഞു മികച്ച ചടങ്ങ്. “വലിയ സന്തോഷം പങ്കെടുത്തതിൽ. ബഹിഷ്കരിച്ചവർക്ക് വ്യക്തിപരമായി വലിയ നഷ്ടം. സർക്കാരിന് ഒരു ദിവസം കൊണ്ട് പ്രോട്ടോക്കോൾ മാറ്റാൻ ആകില്ല. വിമർശിക്കുന്നവർ വിമർശിക്കട്ടെ..”
ചലച്ചിത്ര പുരസ്കാരങ്ങൾ ആറു വർഷത്തോളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊന്ന് ആദ്യം. സിനിമയെ വെല്ലുന്ന സീനുകൾ.. ഒടുവിൽ ഒരു ചോദ്യം മാത്രമാണ് ബാക്കി..സെൽഫ്, സെൽഫി, സെൽഫിഷ് എന്നത് ഇന്നത്തെ കഥാപാത്രങ്ങളിൽ ആർക്കാണ് ശരിക്കും ബാധകം?