നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

0

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസിലെത്താനാണ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂർ ഇഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുൻപിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഹാജരായത്. ഇന്നും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്ക് കോൺഗ്രസ് നേതാക്കൾ മാർച്ച് നടത്താൻ നീക്കം നട്ടതിയെങ്കിലും ഇത് ഡൽ‌ഹി പൊലീസ് തടഞ്ഞിരുന്നു. രാവിലെ 7 മണിയോടെ എഐസിസി ആസ്ഥാനത്തും ഇഡി ഓഫിസ് പരിസരത്തും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എഐസിസി ആസ്ഥാനത്ത് നിന്ന് ചോദ്യം ചെയ്യലിനായി എത്തിയത്. കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്തും ഒരുക്കിയിരിക്കുന്നത്.

കൂടാതെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഇഡി ഓഫിസിലെത്തിയെങ്കിലും ഡൽഹി പൊലീസ് കോൺഗ്രസ് പ്രവർത്തകരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പത്തു മണിക്കൂരിന് ശേഷം ഇന്നലെ അർധരാത്രി നേതാക്കളെ വിട്ടയച്ചിരുന്നു. എഐസിസി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്ര സേനയെ വിന്യസിച്ചു. കെ സി വേണുഗോപാൽ, പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കളാണ് ഇ ഡി ഓഫിസിന് മുന്നിലെത്തിയത്. എന്നാൽ അവരെ ബാരിക്കേടുമായി പൊലീസ് തടഞ്ഞു. പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ നടന്നു. രാഹുൽ ഗാന്ധി എത്ര സമയം ഇ ഡി ഓഫിസിൽ തുടരുന്നോ അത്ര സമയം പ്രവർത്തകരും പുറത്ത് പ്രതിഷേധവുമായി ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.