നയൻ താരയും വിഘ്‌നേഷും ഒന്നിക്കുന്നു; വിവാഹം ഉടൻ
2018ൽ ഒരു അവാർഡ് വേദിയിൽ വെച്ച് സംവിധായകൻ വിഘ്നേഷിനെ നയൻതാര ഭാവി വരൻ എന്ന് വിശേഷിപ്പിച്ചതോടെ കോളീവുഡിൽ ഒളിഞ്ഞും തെളിഞ്ഞും കേൾക്കുന്ന ഒരു ചർച്ചാ വിഷയമാണ് നയൻതാരയും വിഗ്നേഷും തമ്മിലുള്ള പ്രണയം. ഈ വാർത്തകൾ ശരിവെക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്ത് വന്നിരിക്കുന്നത്.

നവംബറോടെ ഇവരുടെ വിവാഹ നിശ്ചയം നടക്കുമെന്നും, വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ഇവർ പ്രണയത്തിലാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് നയൻതാരയും വിഘ്നേഷും കാണുന്നത്.

ഇരുവരും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെയും തമിഴ് പുതുവർഷം ആഘോഷിക്കുന്നതിന്‍റെ യുമൊക്കെ ചിത്രങ്ങൾ വൈറലായിരുന്നു. ഇരുവരുടെയും വിവാഹം തമിഴ് ആചാര പ്രകാരവും, ക്രസ്ത്യൻ രീതിയിലും നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ട്.

സിനിമാ ലോകം ഏറെ കാലങ്ങളായി കാണാൻ കൊതിച്ചിരിക്കുന്ന വിവാഹമാണ് നയൻസിന്‍റെയും വിഗ്നേഷിന്‍റെയും. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇരുവരും ഒന്നിക്കാൻ പോകുന്നതിന്‍റെ വാർത്ത അറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് നയൻസിന്‍റെ ആരാധകർ.
