“പകരം വെക്കാനില്ലാത്ത അഭിനയത്തിന്റെ കൊടുമുടി”

0

അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍ മലയാളിക്ക് സമ്മാനിച്ച് അഭിനയ കുലപതി നെടുമുടി വേണു വിടവാങ്ങിയിരിക്കയാണ്. കയ്യിൽ കിട്ടിയ അഞ്ഞൂറിലധികം കഥാപാത്രങ്ങളെ തന്റെ സ്വതസിദ്ധമായ അഭിനയ മികവുകൊണ്ട് ധന്യമാക്കി തിരശീലയ്ക്ക് മുന്നിലെത്തിച്ച നെടുമുടി വേണു എന്ന അതുല്യ പ്രതിഭയുടെ വിടവാങ്ങൽ വെള്ളിത്തിരയുടെ തീരാനഷ്ട്ടം തന്നെയാണ്.

നായകനായും വില്ലനായും സഹനടനായും അച്ഛനായും അങ്ങനെ അങ്ങനെ നിരവധി പകർന്നാട്ടങ്ങളാണ് ഈ നടനിലൂടെ സിനിമാലോകം കണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പ്രതിഭയെ തേടി ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും എത്തി. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങള്‍ എഴുതുമായിരുന്നു. സ്‌കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴ യില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.

കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്. കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തിൽ സജീവമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. ‘അവനവൻ കടമ്പ’ അടക്കം കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദി യിൽ പത്രപ്രവർത്തകനായും ജോലിനോക്കി.

എൺപതുകളിൽ സംവിധായകരായ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി നെടുമുടി അടുത്ത് പ്രവ‍ർത്തിച്ചു. ആദ്യകാലത്ത് നായക നടനായി തിളങ്ങിയ നെടുമുടി പിന്നീട് സ്വഭാവ നടൻ എന്ന നിലയിൽ തൻ്റെ ഇടം രേഖപ്പെടുത്തി. സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയിൽ അദ്ദേഹം സജീമായിരുന്നു എന്നതും മറ്റൊരു സവിശേഷതയാണ്.

അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന്‍ പവിത്രന്‍, മംഗളം നേരുന്നു, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ, ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്ത്, പെരുംതച്ചന്‍ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടർ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്‍, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണന്‍സ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, തിളക്കം, ബാലേട്ടന്‍, ജലോത്സവം, തന്മാത്ര, പാസഞ്ചര്‍, ബെസ്റ്റ് ആക്ടര്‍, ആകാശത്തിന്റെ നിറം, ആലിഫ്, നിര്‍ണായകം, ചാര്‍ലി, പാവാട, കാര്‍ബണ്‍, താക്കോല്‍, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

പാച്ചി എന്ന അപരനാമത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണകഥ, സവിധം, അങ്ങനെ ഒരു അവധികാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രം സംവിധാനവും ചെയ്തു.