തിരുവനന്തപുരം : ബഫർസോണിൽ സർവ്വെ നമ്പറുകൾ ചേർത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ. ഒരേ സർവ്വെ നമ്പറിലെ പ്രദേശങ്ങൾ ബഫർസോണിനകത്തും പുറത്തും വന്നത് വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. ഭൂപടത്തിന്മേലുള്ള പരാതികളിൽ അതിവേഗം പരിശോധന പൂർത്തിയാക്കി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകുകയാണ് സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി.
ബഫർസോൺ ആശയക്കുഴപ്പം കടുക്കുന്നതിനിടെയാണ് അടുത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ടിൻറെ ഭാഗമായി കിഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചു. ഈ ഭൂപടത്തിൽ സർവ്വെ നമ്പർ കൂടി ചേർത്താണ് പുതിയ ഭൂപടം. സർവ്വെ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വ്യക്തമായി അറിയുകയായിരുന്നു ലക്ഷ്യം. പക്ഷെ പുതിയ ഭൂപടം ആശയക്കുഴപ്പം തീർക്കുന്നില്ലെന്ന് മാത്രമല്ല സംശയങ്ങൾ കൂട്ടുന്നു. ഭൂപടത്തിൽ മാർക്ക് ചെയ്ത് ഒരെ സർവ്വെ നമ്പറിലെ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ബഫർസോണിനകത്തുള്ളപ്പോൾ ചിലത് പുറത്താണ്. ഈ സ്ഥലങ്ങളിലെ പരാതികൾ എങ്ങിനെ തീർക്കുമെന്നാണ് പ്രശ്നം.
അതേ സമയം ഒരു സർവ്വെ നമ്പറിൽ തന്നെ കൂടുതൽ ഭൂമി ഉള്ള സാഹചര്യത്തിലാണിതെന്നും പരാതി കിട്ടുന്ന മുറക്ക് പരിഹരിക്കാമെന്നുമാണ് ഉറപ്പ്. ആദ്യം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ സൈലൻറ് വാലിക്ക് പകരം തട്ടേക്കാട് പക്ഷിസങ്കേതത്തിൻറെ മാപ്പായിരുന്നു ഉള്ളത്. തെറ്റ് മനസ്സിലായതോടെ അത് പരിഹരിച്ചു. ജനവാസമേഖല കുറഞ്ഞ സൈലൻറ് വാലി ബഫർസോണിൽ ജനവാസകേന്ദ്രങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ജനവാസമേഖല കൂടിയ പെരിങ്ങോട്ടുകുറിശ്ശിയിൽ ഇങ്ങിനെ കൃത്യമായി വേർതിരിച്ച് അടയാളപ്പെടുത്തിയിട്ടില്ല. സൈലൻറ് വാലിയുമായി അതിർത്തി പങ്കിടാത്ത മണ്ണാർക്കാട് നഗരസഭ നേരത്തെയുള്ള മാപ്പിൽ ബഫർസോൺ പരിധിയിലായിരുന്നു. പുതിയതിൽ പക്ഷെ അതൊഴിവാക്കി. പരാതികൾ ജനുവരി 7 വരെ നൽകാം. പക്ഷെ അതിനുള്ളിൽ പരാതികളിൽ പരിശോധന പൂർത്തിയാക്കി ജനുവരി 11ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ കേരളത്തിന് പുതിയ റിപ്പോർട്ട് നൽകാനാകുമോ എന്നുള്ളതാണ് ആശങ്ക.