ഹാർലി ഡേവിഡ്‍സൺ വില്‍ക്കാന്‍ പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

1

ഹാർലി ഡേവിഡ്‍സൺ ഉത്പന്നങ്ങളുടെ വിപണനത്തിനും വിതരണത്തിനുമായി പ്രത്യേകം ഡിവിഷനുകൾ ആരംഭിച്ച് ലോകത്തില ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്. ഓട്ടോമോട്ടീവ് വിദഗ്ദ്ധൻ രവി ആവലൂരാണ് പുതിയ ഡിവിഷന്‍റെ തലവനെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഹീറോ മോട്ടോകോർപ് ചെയർമാനും സിഇഒയുമായ ഡോക്ടർ പവൻ മഞ്ജലിന്റെ നേതൃത്ത്വത്തിലായിരിക്കിം ഇദ്ദേഹം പ്രവർത്തിക്കുക.

വാഹന എഞ്ചിനും യന്ത്രഭാഗങ്ങളും നിർമ്മിക്കുന്ന കൂപ്പറില്‍ നിന്നാണ് രവി ഹീറോ മോട്ടോകോർപിലേക്ക് വന്നിരിക്കുന്നത്. കൂപ്പറിൽ ഇദ്ദേഹം സ്ട്രാറ്റജി ആൻറ് ഇൻറർനാഷണൽ ബിസിനസ് തലവനായിരുന്നു. അതിന് മുമ്പ് ഡുകാത്തി ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു രവി. പുതിയ ടീമിൽ ഇന്ത്യയിലെ പ്രവർത്തനത്തിന് ഹാർലിഡേവിഡ്‍സണിൽ നിന്നുള്ള നാല് എക്സിക്യൂട്ടീവുകളും ഉൾപ്പെടുന്നുണ്ട്. വിപണനം, മാർക്കറ്റിങ്, ഉപഭോക്തൃ സേവനം, ലോജിസ്റ്റിക്സ് മേഖലകളിൽ ഇവരുടെ അനുഭവ സമ്പത്ത് മുതൽകൂട്ടാവും.

ഇതിനോടകം പതിനൊന്ന് ഹാർലി ഡേവിഡ്സൺ ഡീലർമാർ ഹീറോമോട്ടോകോർപ്പ് ശൃംഖലയുടെ ഭാഗമായി കഴിഞ്ഞു. ജനുവരി 18 മുതൽ ഹാർലി ഉൽപ്പന്നങ്ങൾ ഡീലർമാർക്ക് മൊത്തമായി അയയ്ക്കാൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

മിൽ‌വാക്കി ആസ്ഥാനമായുള്ള ഹാർലി സെപ്റ്റംബറിളാണ് ഇന്ത്യയിലെ വിൽപ്പന, നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. ഒരു മാസത്തിനുശേഷം നിർമ്മാതാക്കൾ ഹീറോയുമായി വിതരണ കരാറിൽ ഏർപ്പെട്ടു. ഇടപാടിന്റെ ഭാഗമായി ഹാർലി-ഡേവിഡ്സൺ ബ്രാൻഡിന് കീഴിൽ വിൽക്കാൻ പോകുന്ന മോട്ടോർസൈക്കിളുകളും ഹീറോ വികസിപ്പിക്കും.