കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. സംസ്ഥാനത്തെ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തുമണിക്കായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. കോർപറേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടേത് 11.30ന് ആരംഭിച്ചു.
തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തിന് ജില്ലാ കളക്ടറാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞക്ക് പിന്നാലെ കൗണ്‍സിലിന്റെ ആദ്യ യോഗവും ചേരും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിലാകും യോഗം. കൊവിഡ് പോസിറ്റീവായതോ ക്വാറന്റീനില്‍ ഉള്ളതോ ആയ അംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ടാകും. മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമാകും ഇവര്‍ക്ക് അവസരം.
അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളിൽ നടക്കും. ത്രിതല പഞ്ചായത്തുകളില്‍ 30ന് രാവിലെ 11ന് അധ്യക്ഷന്മാരേയും ഉച്ചയ്ക്കു രണ്ടിന് ഉപാധ്യക്ഷന്മാരേയും തെരഞ്ഞെടുക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20-ന് പൂർത്തിയാകാത്ത എട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ 22, 26, ജനുവരി 16, ഫെബ്രുവരി ഒന്ന് തീയതികളിലായി സത്യപ്രതിജ്ഞ നടക്കും.
ക്വാറന്റീനിലായിരുന്ന വയനാട് ജില്ലാ കളക്ടര്‍ പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്. പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് പിപിഇ കിറ്റ് ധരിച്ചെത്തിയത്. കോവിഡ് നിരീക്ഷണത്തിലുള്ള അംഗങ്ങള്‍ പിപിഇ കിറ്റ് ധരിച്ചെത്തണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.