അരിയും, ഗോതമ്പുമുൾപ്പെടെ നിത്യോപയോഗസാധനങ്ങൾക്ക്‌ വിലകൂടും; പുതുക്കിയ ജി.എസ്.ടി. നിരക്ക് ഇന്നുമുതൽ

0

ന്യൂഡല്‍ഹി : അരിയും ഗോതമ്പുമുൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും പാലുത്പന്നങ്ങള്‍ക്കും തിങ്കളാഴ്ചമുതല്‍ വിലകൂടും. പാക്കറ്റില്‍ വില്‍ക്കുന്ന തൈര്, മോര്, ലസി, പനീര്‍, ശര്‍ക്കര, തേന്‍, അരിപ്പൊടി, ആട്ട, അവില്‍, ഓട്‌സ്, മാംസം (ഫ്രോസണല്ലാത്തത്), മീന്‍ തുടങ്ങിയവയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ബാധകമാകും.

മുമ്പ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കുമാത്രമായിരുന്നു ജി.എസ്.ടി. ഇനിമുതല്‍ പാക്കറ്റില്‍ ലേബലൊട്ടിച്ച് വരുന്നവയ്ക്കും നികുതി നല്‍കണം. ഈ ഉത്പന്നങ്ങളുടെ ചില്ലറവിൽപ്പനയ്ക്ക് നികുതി ബാധകമായിരിക്കില്ല. ജൂണ്‍ അവസാനം ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് നിരക്കുകള്‍ പരിഷ്കരിച്ചത്. ജി.എസ്.ടി. നടപ്പായതിന്റെ അഞ്ചാംവര്‍ഷമാണിത്.

പുതിയ നികുതി

  • 1000 രൂപയില്‍ താഴെ ദിവസവാടകയുള്ള ഹോട്ടല്‍മുറികള്‍ക്ക് 12 ശതമാനം
  • 5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐ.സി.യു. ഒഴികെ) അഞ്ചുശതമാനം
  • ബാങ്കുകളില്‍നിന്നുള്ള ചെക്ബുക്കിന് 18 ശതമാനം
  • സോളാര്‍ വാട്ടര്‍ഹീറ്ററുകള്‍ക്ക് 12 ശതമാനം
  • തുകലിനും തുകല്‍ ഉത്പന്നങ്ങള്‍ക്കും 12 ശതമാനം
  • ഭൂപടങ്ങള്‍, അറ്റ്‌ലസ്, ഗ്ലോബ് എന്നിവയ്ക്ക് 12 ശതമാനം
  • എല്‍.ഇ.ഡി. ബൾബ്, കത്തി, ബ്ലേഡ്, സ്പൂണ്‍, ഫോര്‍ക്ക്, വാട്ടര്‍ പമ്പ്‌സെറ്റ്, സൈക്കിള്‍ പമ്പ്, അച്ചടിക്കും എഴുത്തിനുമുള്ള മഷി എന്നിവയ്ക്ക് 18 ശതമാനം
  • ധാന്യങ്ങള്‍ വേര്‍തിരിക്കാനും പൊടിക്കാനുമുള്ള യന്ത്രങ്ങള്‍ക്കും കൃഷി-ക്ഷീര ആവശ്യങ്ങള്‍ക്കുള്ള യന്ത്ര ങ്ങള്‍ക്കും 18 ശതമാനം
  • പൊതുമരാമത്ത് കരാറുകള്‍ക്ക് 18 ശതമാനം, ഉപകരാറുകള്‍ക്ക് 12 ശതമാനം
  • കട്ട് ചെയ്തതും പോളിഷ് ചെയ്തതുമായ വജ്രത്തിന് ഒന്നരശതമാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമാനയാത്രയ്ക്ക് നികുതിയിളവ് ഇക്കോണമി ക്ലാസില്‍മാത്രം.

നികുതി കുറയുന്നവ (പഴയനികുതി ബ്രാക്കറ്റില്‍)

  • മന്തുരോഗത്തിനുള്ള ഡി.ഇ.സി. ഗുളിക ഇറക്കുമതിക്ക് നികുതിയില്ല (അഞ്ചുശതമാനം)
  • ഓസ്റ്റോമി കിറ്റ് (ആന്തരികാവയവങ്ങളില്‍നിന്ന് വിസര്‍ജ്യം ശേഖരിക്കുന്നതിനുള്ള മെഡിക്കല്‍ കിറ്റ്)- 5 (12)
  • എല്ലുമായി ബന്ധപ്പെട്ട ചികിത്സാ ആവശ്യത്തിനുള്ള ഉത്പന്നങ്ങള്‍, മെഡിക്കല്‍ സാമഗ്രികള്‍- 5 (12)
  • കൃത്രിമ ശരീരഭാഗങ്ങള്‍- 5 (1)
  • റോപ്‌വേ വഴിയുള്ള യാത്രയും ചരക്കുനീക്കവും- 5 (18)
  • ഇന്ധനച്ചെലവുൾപ്പെടെ നല്‍കി ചരക്കുവാഹനങ്ങള്‍ വാടകയ്ക്കെടുക്കുമ്പോള്‍- 12 (18).