വാഷിംഗ്ണ്‍: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടണിൽകണ്ടെത്തിയ വ്യാപനനിരക്ക് കൂടിയ വൈറസിന്റെ വകഭേദത്തിന് ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക്.
ജനികതമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം രണ്ടു കോവിഡ് രോഗികളിൽ തിരിച്ചറിഞ്ഞതായും ഇവർക്ക് കഴിഞ്ഞയാഴ്ചകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലെത്തിയ വ്യക്തികളുമായി സമ്പർക്കമുണ്ടായതായും മാറ്റ് ഹാൻകോക്ക് മാധ്യമങ്ങളോട് പറഞ്ഞു.
അതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രണ്ടാം സ്‌ട്രെയിനെക്കാള്‍ പ്രഹരശേഷി കൂടിയതാണ് വൈറസിന്റെ മൂന്നാം വകഭേദമെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതായും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർധനവിന് പിന്നിൽ പുതിയ വൈറസായിരിക്കുമെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യവകുപ്പ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ബ്രിട്ടനിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.