താമരശേരി ചുരത്തിലെ ഗതാഗത സ്‌തംഭനത്തിന് പരിഹാരം ഒരുങ്ങുന്നു. വയനാട്-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാത വൈകാതെ യാഥാർത്ഥ്യമാകും. വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി ടണല്‍ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. താമരശേരി ചുരം കയറാതെ എട്ടു കിലോമീറ്റര്‍ ദീരമുള്ള പാതയിലൂടെ വയനാട്ടിലെത്താം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മലബാറിലെ പ്രധാന ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകും. പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി കള്ളാടി-ആനക്കാംപൊയില്‍ പാത മാറും.
കേരളത്തിന്റെ സ്വപ്‌നപദ്ധതിയാണ് 7.82 കിലോമീറ്റർ നീളമുളള തുരങ്കപാതയെന്ന് മന്ത്രി പോസ്‌റ്റിൽ പറയുന്നു. മൂന്ന് വർഷത്തിനകം പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 സെപ്‌തംബറിൽ പാതയുടെ സർവെ പൂർത്തിയായിരുന്നു. കഴിഞ്ഞ സർക്കാർ പാതയ്‌ക്ക് 658 കോടി അനുവദിച്ച് ഭരണാനുമതി നൽകിയിരുന്നു.