നമ്മുടെ സർക്കാർ സംവിധാനങ്ങൾ എങ്ങനെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന വ്യക്തമായ ചിത്രം നൽകിയ ഒരു മോഹൻലാൽ ചലച്ചിത്രത്തിൻ്റെ പേര് മാത്രമല്ല “വെള്ളാനകളുടെ നാട് ” നമ്മുടെ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയെയും കേരളത്തെയും വിശേഷിപ്പിക്കാൻ ഇതിലും ഉചിതമായ മറ്റൊരു മലയാള പദം കണ്ടെത്താൻ വിഷമമായിരിക്കും’ കെ.എസ്.ആർ.ടി.സിയെ രക്ഷിച്ചതിന് ശേഷം മാത്രം വിശ്രമം എന്നു പ്രഖ്യാപിച്ച വകുപ്പ് മന്ത്രി അതിനായി പുതിയ വോൾവോ ബസുകൾ വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ്.
എന്നാൽ അതിന് മുമ്പ് ബഹുമാനപ്പെട്ട മന്ത്രി ഏറണാകുളത്തെ തേവരയിലെ കെ.എസ്.ആർ.ടി.സി യാർഡിലേക്ക് ഒരു സന്ദർശനം നടത്തുന്നത് നല്ലതായിരിക്കും’ കെ.യു.ആർ.ടി.സിയുടെ കോടികൾ വിലമതിക്കുന്ന ബസുകൾ തുരുമ്പെടുക്കുന്ന ദയനീയമായ കാഴ്ച അവിടെ കാണാം. ഈ ബസുകൾ ഈ രീതിയിൽ ആർക്കും വേണ്ടാത്ത അവസ്ഥയിൽ ഉപേക്ഷിച്ചു കൊണ്ടാണ് കോടികൾ മുടക്കി വീണ്ടും വോൾവോ ബസുകൾ വാങ്ങാൻ തുനിയുന്നത്. തേവര യാർഡിൽ ഇങ്ങനെ ബസുകൾ നശിക്കുന്നത് ഈ കോർപ്പറേഷൻ ഭരിക്കുന്ന മേധാവികൾ കാണുന്നില്ലെങ്കിൽ, അറിയുന്നില്ലെങ്കിൽ ഭീമമായ ശമ്പളം പറ്റി എന്തിനാണ് അവർ ആ കസേരകളിൽ ഇരിക്കുന്നത് എന്ന്, എന്തിനാണ് അവരെ അവിടെ ഇരുത്തിയത് എന്ന് ഇരു കൂട്ടരും ഒന്നാലോചിക്കുന്നത് നന്നായിരിക്കും.
കാര്യമൊന്നുമില്ലെങ്കിലും പൊതുജനത്തിനും ആലോചിക്കാവുന്നതാണ്. ഈ വെള്ളാനകൾ ഇനിയും കേരളത്തിൽ ഇങ്ങനെ തുടരുന്നത് കൊണ്ട് ലാഭം കൊയ്യുന്നത് ആരാണെന്ന്? തൊട്ടതെല്ലാം പൊന്നാക്കുന്ന എന്ന പ്രയോഗത്തിന് പകരമായി വെക്കാൻ “തൊട്ടതെല്ലാം തുരുമ്പാക്കുന്ന ” എന്ന യാഥാർത്ഥ്യം മലയാളികളെ പഠിപ്പിച്ച ഈ വകുപ്പിന് ശാപമോക്ഷം ലഭിക്കാൻ ഏത് അഹല്യയുടെ പാദസ്പർശമാണ് കേരളം ഇനിയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്?