കോവിഡ് പ്രതിരോധം: ഇന്ത്യക്ക് പത്തുലക്ഷം ഡോളര്‍ സഹായവുമായി ന്യൂസീലന്‍ഡ്

1

വെല്ലിങ്ടണ്‍: കോവിഡ് രണ്ടാംതരംഗത്തില്‍ വലയുന്ന ഇന്ത്യക്ക് സഹായഹസ്തവുമായി ന്യൂസീലന്‍ഡ്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദ റെഡ് ക്രോസ്(ഐ.എഫ്.ആര്‍.സി.) വഴിയാണ് സഹായമെത്തിക്കുക.

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തുലക്ഷം ന്യൂസീലന്‍ഡ് ഡോളര്‍ സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദ റെഡ് ക്രോസി(ഐ.എഫ്. ആര്‍.സി.)ന് കൈമാറും. ന്യൂസീലന്‍ഡ് വിദേശകാര്യ മന്ത്രി നനൈയ മഹൂതയാണ് ഇക്കാര്യം അറിയിച്ചത്.

ഈ ദുരിതകാലത്ത് ന്യൂസീലന്‍ഡ് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് മഹൂത പറഞ്ഞു. ജീവനുകള്‍ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരെഅഭിനന്ദിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് രോഗബാധിതര്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, മറ്റ് ചികിത്സാസാസാമഗ്രികള്‍ എന്നിവ ലഭ്യമാക്കാന്‍ ഐ.ഐഫ്.ആര്‍.സി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായി നേരിട്ട് സഹകരിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് ആംബുലന്‍സ്, രക്തദാനം, പി.പി.ഇ. കിറ്റുകള്‍ തുടങ്ങിയവ നല്‍കി ഇന്ത്യയിലെ അടിയന്തര പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഐ.എഫ്.ആര്‍.സി. ആലോചിക്കുന്നുണ്ട്.