കൊല്ലം∙ കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കരിയിലക്കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് മരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അണുബാധയാണ് മരണകാരണം.
ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍നിന്നാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഇന്നു രാവിലെ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുടമയാണു വിവരം പൊലീസിൽ അറിയിച്ചത്. മൂന്നു കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീടു മരണം സംഭവിക്കുകയായിരുന്നു.
കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു. നാളെയാകും കുഞ്ഞിന്റെ സംസ്‌കാരം.