പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാതാ അതോറിറ്റി; വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് നിർദേശം

0

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്നാണ് നിർദേശം. ആർബിഐ പേടിഎം ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ദേശീയ പാത അതോറിറ്റിയുടെ നിർദേശം. നിലവിൽ അക്കൗണ്ടിലുള്ള പണം തീരുന്നതോടെ പേടിഎം ഫാസ്റ്റ് ടാഗ് ഉപയോഗശൂന്യമാവും. വെള്ളിയാഴ്ചയ്ക്കകം ഉപയോക്താക്കൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറണമെന്ന് ആർ‌ബിഐയും നിർദേശിച്ചിരുന്നു.

ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനും പണമിടപാടുകൾ എളുപ്പമാക്കുന്നതിനും ഉപയോ​ഗിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാ​​ഗ്. മാർച്ച് 15ന് ശേഷം പേയ് ടിഎം ഫാസ്റ്റ്ടാ​ഗ് അക്കൗണ്ടുകൾ റീചാർജ് ചെയ്യാനും ടോപ് അപ് ചെയ്യാനുമുള്ള ഓപ്ഷനുകൾ അപ്രത്യക്ഷമാകുമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. എന്നിരിക്കിലും ഈ തിയതിയ്ക്ക് ശേഷവും അക്കൗണ്ടിലുള്ള ബാലൻസ് പണം നഷ്ടമാകില്ലെന്നും ആർബിഐ വ്യക്തമാക്കി. അക്കൗണ്ടുകളിലെ പണം പൂർണമായി തീരുമ്പോഴാകും പേ ടിഎം ഫാസ്റ്റ് ടാഗ് പൂർണമായും ഉപയോ​ഗശൂന്യമാകുക.

പേടിഎം ഉപയോക്താക്കൾ കൂടുതൽ വിശദാംശങ്ങൾക്കായി തങ്ങളുടെ ബാങ്കുകളുമായി ബന്ധപ്പെടുകയോ ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പിനി ലിമിറ്റഡിന്റെ വെബ്സൈറ്റിലെ എഫ്എക്യുവിന് കീഴിലുള്ള നിർ‌ദേശങ്ങൾ വായിക്കണമെന്നും ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കി.