നിർഭയയ്ക്ക് നീതി; പ്രതികളുടെ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി

0

ന്യൂഡൽഹി ∙ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നിർഭയ കേസിലെ പ്രതികൾ അവസാന നിമിഷം നൽകിയ ഹർജിയും ഡ‍ൽഹി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. വധശിക്ഷയായതിനാല്‍ ശിക്ഷ നടപ്പാക്കി കഴിഞ്ഞ് അത് തിരുത്താന്‍ സാധിക്കില്ല തിരുത്താന്‍ സാധിക്കില്ല എന്നതിനാല്‍ പ്രതികള്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ സുപ്രീം കോടതി അത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും.

വധശിക്ഷ ഒഴിവാക്കാന്‍ പ്രതികള്‍ അവസാന ശ്രമമെന്ന നിലയില്‍ വിവിധ കോടതികളില്‍ നിയമപോരാട്ടം നടത്തിയിരുന്നു. എന്നാല്‍ കോടതികള്‍ ഹര്‍ജികള്‍ തള്ളിയതിന് പിന്നാലെ വധശിക്ഷ നടപ്പിലാക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ മൂന്ന് പ്രതികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. രാത്രി 10 മണിയോടെ കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഒന്നര മണിക്കൂറോളം വാദം കേട്ടതിന് ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.

ജസ്റ്റിസ് മന്‍മോഹന്‍, സഞ്ജീവ് നെരുല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നിര്‍ഭയാ കേസിലെ പ്രതികളെ നാളെ പുലര്‍ച്ചെ 5.30ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് പ്രതികള്‍ ഹർജി നല്‍കിയത്. അതേസമയം ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും വിധി തിരുത്തണമെന്ന ആവശ്യം ഉന്നയിച്ച് മറ്റൊരു അഭിഭാഷന്‍ കോടതിയില്‍ വാദിക്കുന്നുണ്ട്. എന്നാല്‍ പുലര്‍ച്ചെ 5.30 വരെ വാദിച്ചാലും വിധിയില്‍ മാറ്റമുണ്ടാകില്ലെന്ന് ജഡ്ജിമാര്‍ നിലപാടെടുത്തു.