കോഴിക്കോട്: ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് (പി.ശ്രീനിവാസ്) അന്തരിച്ചു. ഒരു മാസമായി അദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപം പെയിൻ ആന്റ് പാലിയേറ്റീവ് കെയറിലായിരുന്നു അന്ത്യം.
1970കളിൽ തുടങ്ങി മൂന്നു പതിറ്റാണ്ടോളംമലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷാ ചിത്രങ്ങലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായി മാറിയ വ്യക്തിയാണ് പി എസ് നിവാസ്.
ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു. ശ്രീകുമാരന്‍തമ്പി സംവിധാനം ചെയ്ത ‘മോഹിനിയാട്ടം’ (1977) എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും 1979ൽ ലഭിച്ചു. ഭാരതിരാജ, ലിസ ബേബി തുടങ്ങിയവരുടെ ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കിഴക്കെ നടക്കാവ് പനയംപറമ്പിലായിരുന്നു നിവാസിന്റെ ജനനം. കോഴിക്കോട് ദേവഗിരി കോളജിൽനിന്ന് ബിരുദം നേടിയതിനുശേഷം മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മോഷൻ പിക്ചർ ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ നേടി. സംവിധായകൻ പി.എൻ. മേനോന്റെ കുട്ട്യേടത്തി എന്ന ചിത്രത്തിലൂടെ തുടക്കം. പ്രശസ്ത കാമറാമാനായിരുന്ന അശോക് കുമാറിന്റെ കീഴിൽ ഓപ്പറേറ്റീവ് കാമറാമാനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു ഇത്. ബാബു നന്ദൻകോടിന്റെ സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്.
കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്നം എന്നീ ചിത്രങ്ങളില്‍ ഓപ്പറേറ്റിവ് ക്യാമറാമാനായി പ്രവര്‍ത്തിച്ചു. മലയാളത്തില്‍ സത്യത്തിന്റെ നിഴലില്‍, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജന് പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സര്‍പ്പം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
തമിഴില്‍ പതിനാറു വയതിനിലേ, കിഴക്കേ പോകും റെയില്‍, സികപ്പു റോജാക്കള്‍, ഇളമൈ ഊഞ്ചല്‍ ആടുകിറത്, നിറം മാറാത പൂക്കള്‍, തനിക്കാട്ട് രാജ, കൊക്കരക്കോ, സെലങ്കെ ഒലി, മൈ ഡിയര്‍ ലിസ, ചെമ്പകമേ ചെമ്പകമേ, പാസ് മാര്‍ക്ക്, കല്ലുക്കുള്‍ ഈറം, സെവന്തി എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. വയസു പിലിച്ചിന്തി, നിമജ്ജാനം, യേറ ഗുലാബി, സാഗര സംഗമം, സംഗീര്‍ത്തന, നാനി എന്നീ തെലുഗു ചിത്രങ്ങള്‍ക്കും സോല്‍വ സാവന്‍, റെഡ് റോസ്, ആജ് കാ ദാദ, ഭയാനക് മഹാല്‍ എന്നീ ഹിന്ദി ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിച്ചു.
കല്ലുക്കുള്‍ ഈറം, നിഴല്‍ തേടും നെഞ്ചങ്ങള്‍, സെവന്തി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രാജ രാജാതാന്‍, സെവന്തി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു.