കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പ്രതിക്കെതിരെ അതീവ ഗുരുതര ആരോപണങ്ങളാണുള്ളത് എന്ന് നീരീക്ഷിച്ച കോടതി ഒരു കാരണവശാലും ജാമ്യം അനുവദിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞു. വിചാരണ നീണ്ടുപോവുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കു ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നതു തെറ്റായ സന്ദേശമാവുമെന്നും സര്‍ക്കാര്‍ വാദിച്ചു.
കേസിലെ വിചാരണ നടപടികള്‍ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു പ്രതികള്‍ക്കെല്ലാം വിവിധ കോടതികളില്‍നിന്നായി ജാമ്യം ലഭിച്ചു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് മുഖ്യപ്രതി സുപ്രിംകോടതിയെ സമീപിച്ചത്.