കിം ജോങ് ഉന്നിന്റെ നിലഗുരുതരാവസ്ഥയിലെന്ന്‌ അമേരിക്കന്‍ മാധ്യമങ്ങള്‍

0

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.

കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം പുറത്തുവിട്ടു.ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന്‌ കിം വിട്ടുനിന്നിരുന്നു. ഇതോടെ കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്. ഏപ്രില്‍ 15 ഉത്തര കൊറിയയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഉത്തരകൊറിയയുടെ സ്ഥാപക പിതാവായ കിം ഇല്‍ സൂങിന്റെ ജന്മവാര്‍ഷിക ദിനമാണ് അന്ന്. ആദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്ന് ഡെയ്‌ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല.