മുംബൈ: ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പോക്‌സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങൾ പരസ്പരം (skin to skin contact) ചേരാതെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല ഉത്തരവിൽ വ്യക്തമാക്കി. ജനുവരി 19നാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഞായറാഴ്ചയാണ് ഇതിന്റെ വിശദാംശം പുറത്തുവന്നത്.
31 വയസ്സായ ഒരാൾ 12 വയസ്സുള്ള കുട്ടിയെ ഇത്തരത്തില്‍ ഉപദ്രവിച്ച കേസ് പരിഗണിക്കവെയാണ് ഞെട്ടിക്കുന്ന ഈ പരാമർശം. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു ജഡ്ജി. ഇതേ കേസിൽ പോക്സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് 3 വർഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്.
സതീഷ് എന്ന വ്യക്തി 2016 ഡിസംബറില്‍ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. നാഗ്‌പുരിലെ വീട്ടിലേക്ക് പെൺകുട്ടിയെ പേരയ്ക്ക നൽകാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.