ലോക ഒന്നാം നമ്പർ ടെന്നീസ് താരം ജോക്കോവിച്ചിന് ഓസ്‌ട്രേലിയയിൽ വിസ നിഷേധിച്ചു. വാക്സിൻ എടുത്തില്ലെന്ന കാരണത്താലാണ് ജോക്കാവിച്ചിന് പ്രവേശനം നിഷേധിച്ചത്. വ്യാഴാഴ്ച പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് ഇക്കാര്യം അറിയിച്ചത്.”ഓസ്‌ട്രേലിയയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട രേഖകള്‍ നൽകുന്നതിൽ ജോക്കോവിച്ച് പരാജയപ്പെട്ടു, തുടർന്ന് വിസ റദ്ദാക്കി,” അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തുന്ന താൻ വാക്‌സിൻ ഡോസുകൾ മുഴുവൻ എടുത്തിട്ടില്ലെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ അധികൃതർ ഇളവ് നൽകിയെന്ന് സമൂഹമാദ്ധ്യമത്തിലൂടെ ജോക്കോവിച്ച് അറിയിച്ചിരുന്നു. എന്നാൽ മെൽബണിലെത്തിയപ്പോൾ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു.
കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ ലോക്ഡൗൺ അടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യമാണ് ഓസ്‌ട്രേലിയ. അതിനാൽ ജോക്കോവിച്ചിന് മാത്രം പ്രത്യേക പരിഗണന നൽകുന്നതിനെതിരെ വിമർശനം ശക്തമായിരുന്നു. മെൽബണിൽ വിമാനം ഇറങ്ങിയ ജോക്കോയോട് വാക്സിൻ ഡോസുകൾ പൂർണമായി എടുത്ത സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രവേശനം നിഷേധിച്ച ജോക്കോവിച്ച് മണിക്കൂറുകളോളം മെൽബൺ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു.ജോക്കോവിച്ചിന്‍റെ ടീം രാജ്യത്തേക്കുള്ള യാത്രയ്ക്കിടെ സമർപ്പിച്ച വിസയിലെ പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (എബിഎഫ്) സ്റ്റേറ്റ് വിക്ടോറിയ സർക്കാരുമായി ബന്ധപ്പെട്ടുവെന്ന് ദ ഏജ്, ദി സിഡ്‌നി മോർണിംഗ് ഹെറാൾഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ അതിർത്തിയിൽ എത്തുന്നവർ തങ്ങളുടെ നിയമങ്ങളും പ്രവേശന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തുടരുമെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് അറിയിച്ചു.
ജോക്കോവിച്ച് എത്രയും പെട്ടെന്ന സെർബിയയിലേക്ക് തിരികെ പോകും. എന്നാൽ അന്താരാഷ്‌ട്ര താരത്തോട് ഓസ്‌ട്രേലിയ കാണിച്ച പെരുമാറ്റം മോശമായിപ്പോയെന്ന് സെർബിയ പ്രസിഡന്റ് അലക്‌സാണ്ടർ വുസീസ് പ്രതികരിച്ചു. ജോക്കോയോട് ഫോണിൽ സംസാരിച്ച സെർബിയൻ പ്രസിഡന്റ് രാജ്യം മുഴുവൻ താരത്തിനൊപ്പമുണ്ടെന്ന് അറിയിച്ചു. നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകൻ അറിയിച്ചു.