ന്യൂഡൽഹി: മറ്റുരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികൾ വിമാനടിക്കറ്റ് തുക നൽകേണ്ടിവരും. നിരക്ക് സർക്കാർ നിശ്ചയിക്കാനാണു സാധ്യത. മുന്‍ഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളില്‍ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ധാരണയിലെത്തുകയും ചെയ്താല്‍ യാത്രയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്‌ട്രേഷന്‍ എംബസികളില്‍ ആരംഭിച്ചിട്ടുണ്ട്.
മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായോ എന്നത് അതാതു സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിക്കണം. ചിലവിഭാഗങ്ങൾക്ക് സൗജന്യ യാത്രവേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും ആർക്കും സൗജന്യ യാത്രയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതിഥിത്തൊഴിലാളികളെ പോലും ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് ട്രെയിനുകളിൽ സ്വന്തം സംസ്ഥാനങ്ങളിലെത്തിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതുപോലെതന്നെ നാട്ടിലെത്തുന്ന പ്രവാസികൾക്കായി അവരവരുടെ സംസ്ഥാനങ്ങളിൽ 14 ദിവസം ക്വാറന്റീൻ ഏർപ്പെടുത്തണം.