പ്രവാസി ഇന്ത്യക്കാർക്ക് വോട്ട് സജീവപരിഗണനയിലെന്ന് തിരഞ്ഞെടുപ്പ്‌ കമ്മിഷൻ

0

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റിന് പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി വരുകയാണെന്നും കമ്മിഷൻ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽ അറോറയുമായുളള കൂടിക്കാഴ്ച വളരെ ക്രിയാത്മകമായിരുന്നുവെന്നും പ്രവാസികൾക്കായുളള തപാൽ വോട്ടിംഗ് ആനുകൂല്യം എത്രയും വേഗം വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംസീർ പറഞ്ഞു.

ഗൾഫ് ഇതര രാജ്യങ്ങളിലെ പ്രവാസികൾക്ക് ആദ്യഘട്ടത്തിൽ തപാൽ വോട്ടവകാശം നൽകാൻ സർക്കാർ ആലോചന നടത്തുന്നതായ റിപ്പോർട്ടുകൾക്കിടയിലാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. യു.എസ്, കാനഡ, ന്യൂസിലാന്റ്, ജപ്പാൻ, ഓസ്‌ട്രേലിയ, ജർമനി, ഫ്രാൻസ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകൾ ഉപയോഗിച്ച് വോട്ടുചെയ്യാനുളള സൗകര്യം വ്യാപിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നതായ വാർത്തകൾ പുറത്തുവന്നിരുന്നു.