പ്രവാസികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; കണക്കുകള്‍ പുറത്ത്

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തിൽ വൻ വര്‍ധനവുണ്ടായതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് പ്രവാസികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചതായി വ്യക്തമാക്കുന്നത്.

രാജ്യത്തെ ആകെ ജനസംഖ്യയുടെ 68.3 ശതമാനം എന്ന നിലയിലാണ് പ്രവാസികളുടെ എണ്ണം വർധിച്ചത്. 2023-ലെ ജനസംഖ്യാ വളർച്ചാ നിരക്ക് 2005-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. 2022-ൽ രേഖപ്പെടുത്തിയ നിരക്കിനെ മറികടന്നു. പൗരന്മാരുടെ എണ്ണം 1.9 ശതമാനം വർധിച്ച് 1.53 മില്യണിലെത്തി. 2010 മുതൽ 2019 വരെയുള്ള ശരാശരി വാർഷിക വളർച്ചയായ 2.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരവും എന്നാൽ താരതമ്യേന മന്ദഗതിയിലുള്ള വളർച്ചയുമാണ് കാണിക്കുന്നത്.

കുവൈത്ത് ഇതര ജനസംഖ്യ 11 ശതമാനം എന്ന നിലയിൽ കുത്തനെ വർധിച്ചു. ഏകദേശം 3.29 മില്യൺ ആണ് പ്രവാസികളുടെ ജനസംഖ്യ. നിലവിൽ, ആകെ ജനസംഖ്യയുടെ 68.3 ശതമാനമാണ് പ്രവാസികൾ. 2021 അവസാനത്തോടെ രേഖപ്പെടുത്തിയ 66.1 ശതമാനത്തിൽ നിന്ന് നേരിയ വർധനവുണ്ടായെങ്കിലും കൊവിഡ് മഹാമാരിക്ക് മുമ്പുള്ള 70 ശതമാനത്തേക്കാൾ ഇപ്പോഴും കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.