തിരുവനന്തപുരം: സിംഗപ്പൂര്‍ ഉള്‍പ്പെടയുള്ള ലോകത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം കൈവശമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ് കേരള സര്‍വകലാശാല വിദേശ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു എന്ന തീരുമാനം . ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ നടത്തിയ അവലോകനത്തിലൂടെ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മികച്ച 150 സര്‍വകലാശാലകളുടെ ഡോക്ടറല്‍ തലം വരെയുള്ള പരമ്പരാഗത ബിരുദങ്ങള്‍ക്ക് അന്യോന്യ (റെസിപ്രോക്കല്‍) അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇപ്രകാരം സിംഗപ്പൂരില്‍ നിന്നുള്ള 2 സര്‍വകലാശാല ബിരുദങ്ങള്‍ കേരള സര്‍വകലാശാല അന്ഗീകരിക്കും . ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ നടത്തിയ പഠനത്തില്‍ നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) ഇരുപത്തിയൊന്‍പതാം സ്ഥാനത്തും , നന്യാന്ഗ് ടെക്നോളജിക്കള്‍ യൂണിവേര്‍സിറ്റി (NTU) എണ്‍പത്തിയാറാം സ്ഥാനത്തും വരുന്നതുകൊണ്ട് ഈ രണ്ടു യൂണിവേര്‍സിറ്റികളുടെ ബിരുദമാകും അന്ഗീകരിക്കപ്പെടുന്നത് .ആദ്യ 400 സ്ഥാനങ്ങളില്‍ സിംഗപ്പൂരില്‍ നിന്ന് മറ്റൊരു സര്‍വകലാശാലയും ഉള്‍പ്പെട്ടിട്ടില്ല .ഇതില്‍ NTU കഴിഞ്ഞ വര്‍ഷം 169-മത് ആയിരുന്നതുകൊണ്ട് തന്നെ കേരള സര്‍വകലാശാലയുടെ തീരുമാനം ഈ വര്‍ഷം നിലവില്‍ വന്നത് ഏറ്റവും ഗുണം ചെയ്തത് NTU ബിരുദധാരികള്‍ക്കാണ് .