‘പിഗ്കാസോ’ ഒരു സാധാരണ പന്നിയല്ല പുള്ളി നല്ലൊരു ആർട്ടിസ്റ്റ് ആണ്. കേട്ടിട്ട് വാപൊളിച്ച നിൽക്കണ്ട ഈ മിണ്ടാപ്രാണിയുടെ ചിത്രങ്ങൾ പൊന്നും വിലകൊടുത്തു വാങ്ങാൻ ആരാധകർ നിരവധിയാണ്. ഒരു അറവുശാലയിൽ നിന്നും രക്ഷിച്ചുകൊണ്ടുവന്ന പന്നി വരച്ച ചിത്രങ്ങൾ വിറ്റുപോയത് 2.75 ലക്ഷം രൂപയ്ക്കാണ്.ദക്ഷിണാഫ്രിക്കയിലെ ഒരു മൃഗശാലയിലാണ് ഈ ചിത്രകാരൻ പന്നി ഉള്ളത്. ചിത്രങ്ങളോടും നിറങ്ങളോടും ഉള്ള അതിന്റെ അമിതമായ താത്പര്യം കാരണം മഹാനായ ചിത്രകാരനെ ഓർമ്മിപ്പിക്കുന്ന ‘പിഗ്കാസോ’ എന്ന പേരിലാണ് ലോകം ഈ പന്നിയെ വിളിക്കുന്നത്.
സദാസമയത്തും ഈ പന്നിയ്ക്ക് വരയ്ക്കാൻ പേപ്പറും നിറങ്ങളും തയ്യാറാക്കി വെച്ചിരിക്കും. വളരെ ശ്രദ്ധയോടെ നിറങ്ങൾ തിരഞ്ഞെടുത്ത് ബ്രഷിൽ മുക്കി വായിൽ കടിച്ച് പിടിച്ച് ഈ പന്നി ചിത്രം വരച്ചു തുടങ്ങും. നിറങ്ങൾ വാരിയെറിഞ്ഞ് കളിക്കാനുള്ള പന്നിയുടെ താല്പര്യം കണ്ടുകൊണ്ടാണ് ആദ്യമായി പിഗ്കാസോയ്ക്ക് സ്വന്തമായി ഒരു ക്യാൻവാസും പേപ്പറുകളും ബ്രഷുകളും നിറങ്ങളും നൽകിയതെന്ന് മൃഗശാല നടത്തിപ്പുകാരി ജോയന്ന ലെഫ്‌സൻ പറയുന്നു. ഓരോ ചിത്രം വരച്ച പൂർത്തിയാക്കി കഴിയുമ്പോഴും പിഗ്കാസോ മൂക്കിൽ നിറം മുക്കി പേപ്പറിൽ തന്റെ മുദ്ര പഠിപ്പിക്കാനും മറക്കാറില്ലത്രേ.
തന്റെ ചിത്രം വരയൽ കഴിഞ്ഞാൽ പെയിന്റ് ബ്രെഷുകളും പേപ്പറുകളും പിഗ്കാസോ സൂക്ഷിച്ചുവെയ്ക്കുമെന്ന് പരിചാരകർ പറയുന്നു. ചിത്രങ്ങൾ വരയ്ക്കുന്ന പിഗ്കാസോയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ആരാധകരാണ് ഇതിനുള്ളത്.
2016 മുതലാണ് നിറങ്ങളോടുള്ള പന്നിയുടെ ആഭിമുഖ്യം മൃഗശാലയിലുള്ളവർ തിരിച്ചറിഞ്ഞ് തുടങ്ങുന്നത്. പിന്നീട് പിഗ്കാസോ ക്യാൻവാസിൽ നിറങ്ങൾ പതിപ്പിക്കുന്ന വീഡിയോ വൈറലായതോടെ ഈ പന്നി ചിത്രകാരന് ആരാധകർ ഏറെയായി. 4000 ഡോളറിലധികം രൂപയ്ക്കാണ് ഈ പന്നിയുടെ ചില ചിത്രങ്ങൾ വിറ്റഴിക്കപ്പെട്ടത്. ഈ തുക മുഴുവൻ മൃഗങ്ങളുടെ സംരക്ഷണത്തിനാണ് ചിലവഴിച്ചതെന്ന് മൃഗശാല അധികൃതർ പറയുന്നു.