ഈ മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി വിവാഹിതരാകുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ സമ്മാനം; മാതൃകാ പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍

0

ജാതി വിവേചനത്തെ മറികടക്കാന്‍ മികച്ച പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍. ‘സുമംഗൽ’ എന്നാണ് സർക്കാർ വെബ്‌സൈറ്റിന്റെ പേര്. ഇതുവഴി പങ്കാളിയെ കണ്ടെത്തി, വിവാഹം കഴിക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്തെ എസ്ടി ആന്റ് എസ്സി ഡെവലപ്‌മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്‌സൈറ്റ് തുറന്നത്. ജാതിരഹിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് വെബ്‌സൈറ്റ് തുറന്നിരിക്കുന്നത്.

നേരത്തെ ജാതിരഹിത വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നതെങ്കില്‍ ഇനി മുതല്‍ ഇത് രണ്ടര ലക്ഷമായിരിക്കും. ഒറ്റയടിക്ക് ഒന്നര ലക്ഷം രൂപയുടെ വര്‍ധനവാണ് വരുത്തിയത്. 2017 ഓഗസ്റ്റിലാണ് ഇതിന് മുന്‍പ് ഈ ധനസഹായം വര്‍ധിപ്പിച്ചത്. അന്ന് 50000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായാണ് തുക വര്‍ധിപ്പിച്ചത്.

ഒറ്റത്തവണത്തെ ഈ സഹായം ലഭിക്കാന്‍ വധൂവരന്മാര്‍ രണ്ട് ഭിന്നജാതിക്കാരായാല്‍ മാത്രം മതിയാകില്ല. ഒരാള്‍ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയില്‍ നിന്നുള്ളയാളും മറ്റയാള്‍ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തില്‍ നിന്നുള്ളയാളും ആയിരിക്കണം. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിച്ചവരുമാകണം. വധുവരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് നിക്ഷേപം എത്തുക. ജാതിരഹിത വിവാഹങ്ങൾക്ക് നേരത്തെ ഒരു ലക്ഷം രൂപയാണ് സർക്കാർ ധനസഹായം നൽകിയിരുന്നത്. അതാണ് ഒറ്റയടിക്ക് രണ്ടര ലക്ഷമായി വർദ്ധിപ്പിച്ചത്.