ഒടിയനിലെ ആദ്യ പാട്ടിന് വന്‍ വരവേല്‍പ്പ്; ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒടിയന് നാലാം സ്ഥാനം

0

ഒടിയനിലെ കൊണ്ടോരാം എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും വമ്പന്‍ സ്വീകരണം. യൂട്യൂബിലൂടെ റിലീസ് ചെയ്ത പാട്ട് ഒരു മണിക്കൂറിനുള്ളില്‍ ഒരുലക്ഷം വ്യൂസ്. ഒടിയന്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇത് റെക്കോഡാണെന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്. മോഹന്‍ലാല്‍, മഞ്ചുവാര്യര്‍, നരേന്‍, സിദ്ദീഖ്, ഇന്നസെന്റ് തുടങ്ങിയ പ്രമുഖരാണ് ബിഗ്ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നത്.

അതേസമയം ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ നാലാം സ്ഥാനത്ത് മോഹന്‍ലാലിന്റെ ഒടിയന്‍. ഒരു മലയാള ചിത്രം ഈ ലിസ്റ്റില്‍ ഇടം നേടുന്നത് ആദ്യമാണ്. ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത് രജനീകാന്ത്-ശങ്കര്‍ ചിത്രം യന്തിരന്‍ 2.0യാണ്. കന്നഡ ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫിന് രണ്ടാം സ്ഥാനവും ഷാരൂഖിന്റെ സീറോയ്ക്ക് മൂന്നാം സ്ഥാനവുമാണുള്ളത്.

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 14 ന് കേരളത്തിലെ തിയേറ്ററുകളിലെത്തുക. ഇതോടൊപ്പം ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ചിത്രം എത്തും. റിപ്പോര്‍ട്ടനുസരിച്ച് അതേദിവസം തന്നെ ജപ്പാനിലും ചിത്രമെത്തുമെന്നാണ് സൂചന. സ്‌പേസ് ബോക്‌സ് ജപ്പാന്‍ എന്ന വിതരണക്കാരാണ് ചിത്രം ജപ്പാനിലെത്തിക്കുന്നത്.