ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബി.ബി.സി.) ഈ വര്‍ഷത്തെ ആജീവനാന്ത പുരസ്‌കാരം മലയാളി ലോങ്ജമ്പ് താരം അഞ്ജു ബി. ജോര്‍ജിന്.
2003‑ല്‍ പാരീസില്‍നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം മറികടന്ന് വെങ്കലം നേടിയ അഞ്ജു, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ്. ഒളിമ്പിക്സിലും ശ്രദ്ധേയ പ്രകടനം നടത്തി.
ഇന്ത്യൻ കായികരംഗത്തിന് നൽകിയ ഐതിഹാസിക സംഭാവനകളും കായികതാരങ്ങളുടെ തലമുറകൾക്ക് നൽകിയ പ്രചോദനവും കണക്കി ലെടുത്താണ് അഞ്ജു ബോബി ജോർജിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകിയത്.
ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപി ഈ വര്‍ഷത്തെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷൂട്ടിങ്ങിലെ മനു ഭേക്കര്‍ മികച്ച ഭാവിതാരമായി. പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന വോട്ടെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
മലയാളി ഒളിമ്പ്യന്‍ പി.ടി. ഉഷയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷം ബി.ബി.സി. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. കോട്ടയം ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിയായ അഞ്ജു. ഭര്‍ത്താവും പരിശീലകനുമായ റോബര്‍ട്ട് ബോബി ജോര്‍ജിനൊപ്പം ഇപ്പോള്‍ ബെംഗളൂരുവില്‍ പരിശീലനരംഗത്തുണ്ട്. ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയാണ് അഞ്ജു.