ചിലതരം ലഗേജുകള്‍ക്ക് ഒമാന്‍ എയര്‍പോര്‍ട്ടുകളില്‍ ഇനി പ്രത്യേക നിരക്ക് ഈടാക്കും. ഓഗസ്റ്റ് ഒന്ന് മുതലാണ് പ്രത്യേക നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. മസ്‌കത്ത്, സലാല, സൊഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങളിലാണ് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ പ്രത്യേക തരത്തിലുള്ള ലഗേജുകള്‍ നിരോധിച്ചിരുന്നു.
ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയുമുള്ള ലഗേജുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരന്ന രൂപത്തിലല്ലാത്ത ബാഗുകളുമായി എത്തുന്നവരും അനുയോജ്യമായ സ്യുട്ട്‌കേസുകളോ ട്രാവല്‍ ബാഗുകളിലോ റീ പാക്ക് ചെയ്യേണ്ടി വരും. ബേബി സ്‌ട്രോളറുകള്‍, ബൈ സൈക്കിളുകള്‍, വീല്‍ ചെയറുകള്‍, ഗോള്‍ഫ് സ്റ്റിക് എന്നിവക്ക് നിരോധനമില്ല.
അതേസമയം, നിയന്ത്രണം ഏര്‍പ്പെടുത്തിയ തരത്തിലുള്ള ലഗേജുകളുമായി വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് നേരത്തെ സൗജന്യമായാണ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഇവയ്ക്കും നിരക്കുണ്ടായിരിക്കും. ചെറിയ പെട്ടികള്‍ക്ക് 2.5 റിയാലും വലിയ പെട്ടികള്‍ക്ക് നാല് റിയാലുമാണ് ഈടാക്കുകയെന്നും ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി
അധികൃതര്‍ നല്‍കുന്ന പെട്ടിയിലേക്ക് സാധനങ്ങള്‍ മാറ്റി പാക്ക് ചെയ്ത ശേഷമാണ് യാത്ര തുടരാന്‍ അനുവദിക്കുകയുള്ളൂ. വിമാനത്താവളത്തിലെ നടപടികള്‍ സുഗമമാക്കുന്നതിനായി രാജ്യാന്തര നിയമങ്ങള്‍ കൊണ്ടുവരികയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.