ഓണക്കാലത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്താണെന്ന് ചോദിച്ചാല്‍ അതിനു ഒരു ഉത്തരമേയുള്ളൂ, നമ്മുടെ സദ്യ തന്നെ. എത്ര കഴിച്ചാലും മതിയാവാത്ത രുചികരമായ സദ്യയാണ് ഓണത്തിന്റെ ഏറ്റവും വലിയ ഓര്‍മ്മ. ലോകത്ത് മറ്റൊരിടത്തും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ് മലയാളികളുടെ സദ്യയുടെ പ്രത്യേകത. ഈ രുചികൂട്ടിന് പ്രാദേശിക ഭേദം കൊണ്ടുണ്ടായ ചില്ലറ വ്യത്യാസങ്ങളുണ്ടെന്ന് മാത്രം.
എന്തൊക്കെ സദ്യ വട്ടങ്ങളാണ് നിര്‍ബന്ധമായും ഓണത്തിന് വേണ്ടത് എന്ന് നോക്കാം. ഇത്തരം വിഭവങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഓണം പൂര്‍ത്തിയാവുകയുള്ളൂ. അതില്‍ പ്രധാനം കുത്തരിചോറിന്റെ സദ്യ തന്നെ. കുത്തരിച്ചോറിന്റെ അരിയും കൂട്ടിയുള്ള ഭക്ഷണം ഒരിക്കലും ഓണത്തിന്റെ കാര്യത്തില്‍ മറക്കാനാവാത്ത ഒന്നാണ്.
പരിപ്പ്
പരിപ്പാണ് മറ്റൊന്ന്. നെയ്യും പരിപ്പും ഇല്ലാതെ ഒരിക്കലും സദ്യ പൂര്‍ണമാവില്ല. അല്‍പം കറിവേപ്പില കൂടി ചേര്‍ന്നാല്‍ പരിപ്പ് തയ്യാര്‍.
പച്ചടി, കിച്ചടി
പച്ചടിയാണ് മറ്റൊന്ന്. പൈനാപ്പിള്‍ കൊണ്ടും ബീറ്റ്‌റൂട്ട് കൊണ്ടും എല്ലാം പച്ചടി ഉണ്ടാക്കും. തൈര് തന്നെയാണ് പച്ചടിയിലെ പ്രധാന കൂട്ടും
പച്ചടിയോടൊപ്പം ചേര്‍ന്ന് വരുന്ന ഒന്നാണ് കിച്ചടി. വെള്ളരിക്ക, ബീറ്റ്‌റൂട്ട് എന്നിവയെല്ലാം ചേര്‍ന്ന് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് കിച്ചടി.
കാളന്‍, ഓലന്‍, എരിശ്ശേരി പ്രധാനം
തെക്കായാലും വടക്കായാലും ഓണസദ്യയ്ക്ക് കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഈ മൂന്ന് വിഭവങ്ങൾ മലയാളികളുടെ ഇലയിൽ പ്രധാനമാണ്. ഇത് മൂന്നും ഇല്ലാതെ എന്തോണം? എങ്കിലും ഓരോ ജില്ലകളിലും വ്യത്യസ്തമായിട്ടായിരിക്കും ഇവ മൂന്നും തയ്യാറാക്കുന്നത്.എന്നിരുന്നാലും കോഴിക്കോട്ടുകാര്‍ക്ക് കാളന്‍ ഒഴിവാക്കി ഒരു ഓണസദ്യ ഇല്ല എന്നു തന്നെ പറയാം. അതുപോലെ സദ്യവട്ടങ്ങളില്‍ ഓലന്‍ ഇല്ലെങ്കില്‍ പിന്നെ സദ്യ പൂര്‍ണ്ണമാകില്ല എന്നാണു ചൊല്ല്. കുമ്പളങ്ങ അല്ലെങ്കില്‍ മത്തങ്ങ തേങ്ങാപ്പാല്‍ മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഒന്നാണ് ഓലന്‍.
അവിയല്‍, സാമ്പാര്‍, രസം
രണ്ടാ സ്ഥാനത്ത് അവിയലിനും സാമ്പാറും സദ്യയിൽ അവിയലിനും സാമ്പാറിനും രണ്ടാം സ്ഥാനമാണുള്ളത്. തെക്കന്‍ കേരളത്തില്‍ അവിയലിന് പ്രാധാന്യമുണ്ടെങ്കിലും അവിടേയും സാമ്പാര്‍ പിൻതള്ളപ്പെടുന്നു. എന്നാല്‍ ഇന്ന് ഓരോ മലയാളിയും സാമ്പാര്‍ ഇല്ലാതെ എന്ത് ഓണസദ്യ എന്നും ചോദിക്കും. രസമില്ലെങ്കില്‍ ഓണസദ്യ രസമില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. പുളിയും തക്കാളിയും വെളുത്തുള്ളിയും എല്ലാം ചേര്‍ന്ന് ഒരുക്കുന്ന രസത്തില്‍ ആരോഗ്യപരമായ ചില കാര്യങ്ങള്‍ കൂടി ഒളിച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം.
തെക്കൻ കേരളത്തിൽ ഓണ സദ്യക്ക് മത്സ്യം പ്രധാനപ്പെട്ട ഒരു വിഭവമല്ല. എന്നാൽ വടക്കൻ കേരളത്തിൽ മത്സ്യ മാംസാദികള്‍ ഒഴിവാക്കിയ ഓരോണസദ്യയോ? കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാര്‍ പ്രത്യേകിച്ചും. തിരുവോണ ദിവസം എന്തായാലും അവരുടെ ഇലയില്‍ ചിക്കനോ, മത്സ്യമോ കാണും.സദ്യയുണ്ടാക്കുന്ന ബഹളവും മറ്റും തന്നെയാണ് ഓരോ ഓണക്കാലത്തും ബാക്കി നില്‍ക്കുന്ന ഓര്‍മ്മ.
ഓണ സദ്യ വിളമ്പുന്ന രീതി
ഓണത്തിന് വൈവിധ്യമാർന്ന പലല തരത്തിലുള്ള വിഭവങ്ങൾ നമുക്ക് തീൻ മേശയിൽ ഉണ്ടാകും. അതു വിളമ്പിനുമുണ്ട് ചില ക്രമങ്ങള്‍. അച്ചാറുകള്‍, തോരന്‍, പച്ചടി, കാളന്‍, അവിയല്‍ എന്നിങ്ങനെ ഇടത്ത് നിന്നും വലത്തോട്ട് വിളമ്പി പോരുന്നു.ഇടതുഭാഗത്ത് ഉപ്പേരി, ശര്‍ക്കര ഉപ്പേരി, വറ്റല്‍ എന്നിവ വിളമ്പും. അത് കഴിഞ്ഞാല്‍ പിന്നെ മധുരത്തിന്റെ വകഭേദങ്ങള്‍ പിന്നെ വരികയായി. അടപ്രഥമന്‍, കടലപ്രഥമന്‍, ചക്ക പ്രഥമന്‍, പാല്‍പ്പായസം തുടങ്ങി സദ്യ നടത്തുന്നവന്റെ കീശയുടെ വലിപ്പമനുസരിച്ച് എണ്ണം കൂടുന്നു. പായസത്തിന്റെ കൂടെയുള്ള പഴം ഒഴിച്ചു കൂടാനാവാത്തതാണ്. പായസങ്ങള്‍ക്ക് ശേഷമെത്തുന്നത് പുളിശ്ശേരിയാണ്. മധുരിക്കുന്ന പല പായസങ്ങളുടെയും മത്ത് കുറയ്ക്കാനാണിത് നല്‍കുന്നത്. ചില സ്ഥലങ്ങളില്‍ ഇത് മോരു കറിയാണ്. മാമ്പഴപുളിശ്ശേരിയാണ് ഇതില്‍ മുഖ്യം. മാമ്പഴത്തിന്റെ ലഭ്യതക്കുറവു മൂലം കൈതച്ചക്കയും മറ്റും ഇതില്‍ ഉപയോഗിക്കുന്നുണ്ട്.