തിരുവനന്തപുരം: തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ച് നോർക്ക സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,47,000 ആയി. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ താത്പര്യമറിയിച്ചു കൊണ്ട് വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച അർധരാത്രിയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.
വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ തിരിച്ചു കൊണ്ടു വരലും, വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ വിദേശത്തേക്ക് മടക്കി കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി ചർച്ച നടത്തിയിരുന്നു. പ്രവാസികളെ മടക്കി കൊണ്ടു വരുന്ന കാര്യത്തിൽ ഇതുവരെ മൗനം പാലിച്ച കേന്ദ്രം പ്രാരംഭ ചർച്ചകൾ ആരംഭിച്ചതോടെയാണ് സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്സ് മടങ്ങി വരാൻ താത്പര്യപ്പെടുന്നവരുടെ രജിസട്രേഷൻ എടുക്കാൻ തുടങ്ങിയത്.
ക്വാറന്‍റൈൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. അതേസമയം ഇത് വിമാന ടിക്കറ്റ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്‍റൈൻ കേന്ദ്രത്തിലോ ആക്കുന്നതിനുള്ള സംവിധാനം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷനും നോർക്ക ഉടൻ തുടങ്ങും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ പരിഗണന എന്നില്ല. അത് കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്നാണ് സർക്കാർ പറയുന്നത്. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന.
ഒരുലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചത്. എന്നാൽ നോർക്ക വെബ്സൈറ്റിൽ രജിസട്രേഷൻ തുടങ്ങി ആദ്യമണിക്കൂറുകളിൽ തന്നെ ഒന്നരലക്ഷത്തോളം പേർ മടങ്ങി വരാൻ താത്പര്യമറിയിച്ച് പേര് രജിസ്റ്റർ ചെയ്തതോടെ പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യംവഹിക്കുക എന്നാണ് സൂചന. ഇന്നലെ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസി രജിസ്ട്രേഷനായുളള നോർക്ക വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഇന്നലെ അർദ്ധരാത്രി മുതൽ രജിസ്ട്രേഷൻ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഉച്ചക്ക് ഒരു മണി മുതൽ തുടങ്ങുമെന്നായി പിന്നീടുളള വിശദീകരണം. www.registernorkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ.