ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും മറ്റും ഉപയോക്താക്കളെ തിരിച്ചറിയാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് അഥവാ ഒടിപി സംവിധാനത്തിനു വിരാമമിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടെലികോം കമ്പനികളെന്ന് റിപ്പോർട്ട്.
ഒടിപി ലഭിക്കാൻ കാത്തുനില്‍ക്കുന്നത് ചിലരിൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു എന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാനാണ് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങി ടെലികോം കമ്പനികള്‍ ശ്രമിക്കുന്നത്.
ക്തിയെ തിരിച്ചറിയാന്‍ ഒടിപിക്ക് പകരം മൊബൈല്‍ നമ്പര്‍ മാത്രം മതിയെന്ന രീതിയാക്കാനാണ് ടെലികോം കമ്പനികൾ ഉദ്ദേശിക്കുന്നത്. ഇതിനു മറ്റുചില അധിക ഗുണങ്ങളും ഉണ്ട്. ഉദാഹരണത്തിന് സിം മിററിങ് രീതി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് അത്തരം ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കും കടന്നുകയറാനുള്ള ശ്രമം ഇതുവഴി പ്രതിരോധിക്കാൻ സാധിച്ചേക്കും.
നിലവില്‍ ഉപയോക്താവ് മൊബൈല്‍ നമ്പര്‍ ഒരു ആപ്പിനോ, വെബ്‌സൈറ്റിനോ നല്‍കിയശേഷം നാലു മുതല്‍ ആറു വരെ അക്കങ്ങളുള്ള ഒടിപി തങ്ങളുടെ ഫോണിലെത്താന്‍ കാത്തുനില്‍ക്കണം. ഈ നമ്പര്‍ നല്‍കിയാല്‍ മാത്രമെ ഇടപാട് പൂര്‍ത്തിയാക്കാനാകൂ. ചില സന്ദര്‍ഭങ്ങളില്‍ നമ്പര്‍ എത്താന്‍ വൈകിയേക്കാം. അപ്പോള്‍ ഇടപാട് പൂര്‍ത്തിയാക്കാനുള്ള പരമാവധി സമയം കഴിഞ്ഞു പോകാം. ഇതോടെ അടുത്തതായി എന്തു ചെയ്യണമെന്ന ചിന്തിയലേക്ക് ഉപയോക്താവ് പോകും. ചിലപ്പോള്‍ ഇടപാട് ഇടയ്ക്കു വച്ചു നിലയ്ക്കുകയും ചെയ്യാം. ഇങ്ങനെ ഒടിപി വരാന്‍ വൈകുന്നതും വരാതിരിക്കുന്നതുമെല്ലാം എല്ലാ പ്രായത്തിലുള്ള ആള്‍ക്കാരിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ആശങ്കയുണ്ടാക്കുന്നു എന്നു പറയുന്നു.
ഇതിനു പകരമായി ഇനി വ്യക്തിക്ക് ഒരു മൊബൈല്‍ ഐഡന്റിറ്റി നല്‍കാന്‍ പോകുകയാണ് ടെലികോം കമ്പനികള്‍. ഇതിലൂടെ സുരക്ഷിതമായ പണമിടപാടും മറ്റും ഒറ്റയടിയ്ക്ക് നടത്താന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്. റൂട്ട് മൊബൈല്‍ (Route Mobile) പോലെയുള്ള കമ്പനികളായിരിക്കും ടെലികോം കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങങ്ങള്‍ക്കും മധ്യ ഇടനിലക്കാരായി പ്രവര്‍ത്തിക്കുക. അവാരായിരിക്കും ‘മൊബൈല്‍ ഐഡന്റിറ്റി’ ക്കായി പ്രവര്‍ത്തിക്കുക.