ഓപ്പറേഷന്‍ താമര; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

0

ഹൈദരാബാദ്: തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസിന്‍റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ടി.ആര്‍.എസ് എം.എല്‍.എമാരെ പണംനല്‍കി ബി.ജെ.പിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് തെലങ്കാന എസ്.ഐ.ടിയുടെ നടപടി. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും മൂന്നുപേരും ഹാജരായില്ല. ഈ സാഹചര്യത്തിൽ മൂന്നുപേരെയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. സമന്‍സ് അയച്ചവരില്‍ ബി. ശ്രീനിവാസ് മാത്രമാണ് ചോദ്യം ചെയ്യലിനെത്തിയത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ എസ്.ഐ.ടി തെലങ്കാന ഹൈക്കോടതിയുടെ നിയമോപദേശം തേടിയിരുന്നു.

തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്ന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു ആരോപിച്ചിരുന്നു. ടിആര്‍എസിന്‍റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നായിരുന്നു കെസിആർ ആരോപിച്ചത്. ഇതിനു പുറമേ 50 ലക്ഷം രീപ വീതം കൂറുമാറാന്‍ ഭരണക്ഷി എം.എല്‍.എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്‌തെന്നും ആരേപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിഡിയോ ദൃശങ്ങളും ചിത്രങ്ങളും തെലുങ്കാന മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു. എന്നാല്‍ വിഡിയോ ദൃശങ്ങള്‍ വ്യാജമാണെന്നാണ് ബിജെപിയുടെ വാദം.