‘ലണ്ടൻ ബ്രിജ് ഈസ് ഡൗൺ’ രഹസ്യ കോഡിൽ മാറ്റം; ഇനി ഓപ്പറേഷൻ യൂണികോൺ’

0

ലണ്ടൻ∙ സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ ബ്രിട്ടിഷ് രാജ്ഞി അന്തരിച്ചതോടെ മരണാനന്തര നടപടികളിലും മാറ്റം വന്നു. ബ്രിട്ടിഷ് രാജ്ഞി അന്തരിച്ചാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. 1960ൽ തന്നെ ഇതുമായി ബന്ധപ്പെട്ട് മാർഗരേഖ തയാറാക്കിയിരുന്നതായാണ് വിവരം. കഴിഞ്ഞ വർഷമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തായത്. ഇതനുസരിച്ച് ‘ലണ്ടൻ ബ്രിജ് ഇസ് ഡൗൺ’ എന്ന രഹസ്യനാമത്തിലാണ് നടപടികൾ ലിസ്റ്റ് ചെയ്‌തിരുന്നത്. എന്നാൽ ബക്കിങ്ങാം കൊട്ടാരത്തിനു പുറത്തെവിടെയെങ്കിലുമാണു മരണം സംഭവിക്കുന്നതെങ്കിൽ പാലിക്കേണ്ട നടപടിക്രമങ്ങളും രേഖപ്പെടുത്തിവച്ചിരുന്നു. ഈ മാർഗരേഖ അനുസരിച്ച് സ്കോട്‌ലൻഡിൽ വച്ച് ബ്രിട്ടിഷ് രാജ്ഞി മരിച്ചതോടെ ‘ഓപറേഷൻ യൂണികോൺ’ എന്ന് വിളിക്കപ്പെടുന്ന നടപടി ക്രമങ്ങളായിരിക്കും പിന്തുടരുക.

സ്കോട്‌ലൻഡിലെ ദേശീയ മൃഗമാണ് യൂണികോൺ. ഇംഗ്ലണ്ടിലെ ദേശീയ ചിഹ്‍നമായ സിംഹത്തോടൊപ്പം രാജകീയ അങ്കിയുടെ ഭാഗവുമാണ്. ബ്രിട്ടിഷ് രാജ്ഞിയുടെ മരണത്തിനു പിന്നാലെ ‘ലണ്ടൻ ബ്രിജ് ഇസ് ഡൗൺ’ എന്ന മാർഗരേഖ സജീവമായിരുന്നു. ഇതനുസരിച്ച് മരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിച്ച് ‘ലണ്ടൻ ബ്രിജ് ഇസ് ഡൗൺ’ എന്ന് ആണ് പറയേണ്ടത്. ഈ മാർഗരേഖ അനുസരിച്ച് യുകെയിൽ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടുകയും ബക്കിങ്ങാം കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകുകയും ചെയ്‌തു. യുകെയുടെ ദേശീയ മാധ്യമമായ ബിബിസി (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) വിവരങ്ങൾ പുറത്തുവിടുകയും ബിബിസി അവതാരകൻ കറുപ്പ് ധരിക്കുകയും ചെയ്‌തു. എന്നാൽ പുതിയ നടപടിക്രമം നിലവിൽ വന്നതോടെ സംസ്‌കാര ചടങ്ങുകൾ ‘ഓപറേഷൻ യൂണികോൺ’ പ്രകാരമാകും നടക്കുക.