പരീക്ഷ ജയിപ്പിക്കുന്ന ഓറഞ്ച്.

0

ജാപ്പനീസ് കുട്ടികളുടെ പേടിസ്വപ്നമാണ് National Center Test. ഈ കടമ്പ കടന്നാൽ മാത്രമേ നല്ല യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കൂ.വർഷം മുഴുവൻ ഇതിനായി കഷ്ടപ്പെടുന്ന കുട്ടികൾക്കിടയിൽ Yontou-goraku എന്നൊരു ചൊല്ല് വ്യാപകമായി പ്രചരിക്കാൻ തുടങ്ങി, Yontou-goraku എന്നാൽ നാലുമണിക്കൂർ മാത്രം ഉറങ്ങിയാൽ വിജയിക്കാം, അഞ്ചാം മണിക്കൂർ ഉറങ്ങിയാൽ പരാജയം എന്നാണത്ര.

അങ്ങനെയിരിക്കയാണ് ജപ്പാനിലെ കർഷകർ മരത്തിന്റെ ഫ്രെയിം ഉപയോഗിച്ചുകൊണ്ട് അവരുടെ പ്രിയപ്പെട്ട അയോകാൻ ഓറഞ്ച് (Anadomikan എന്നും വിളിക്കും) പെന്റഗൺ ആകൃതിയിൽ വിളയിച്ചെടുത്തത്. Dancy Tangerineനും മറ്റൊരു mandarin ഇനമായ kaikoukanനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിൽ നിന്ന് ഉണ്ടായതാണ് കക്ഷി. Satsuma Mandarin കഴിഞ്ഞാൽ ജപ്പാനിൽ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന ഓറഞ്ച് ഇനം. വിവിധതരം ഓറഞ്ചുകളുടെ കഥ വിശദമായി പിന്നീട് പറയാം. നമ്മുടെ കർഷകർ പരീക്ഷണങ്ങളിലൂടെ വിളയിച്ചെടുത്ത അയോകാൻ ഓറഞ്ചിന് “Gokaku no Iyokan” എന്നു പേരിട്ടു. “പരീക്ഷണ വിജയത്തിന്റെ മധുരമുള്ള വാസന” എന്നാണർത്ഥം.

താമസിയാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ Gokaku no Iyokan തരംഗമായി മാറി. അഞ്ചു വശങ്ങളുള്ള അയോകാൻ ഓറഞ്ച് വിജയം കൊണ്ട് വരും എന്ന് അവർ വിശ്വസിച്ചു. ചുരുക്കത്തിൽ കർഷകരുടെ നല്ല സമയം തെളിഞ്ഞു.Gokaku no Iyokan ജപ്പാനിൽ തരംഗമായി മാറി

പറഞ്ഞു വന്നത്, പഴങ്ങളിലെ രൂപമാറ്റത്തെ കുറിച്ചാണ്. കിഴക്കൻ ചൈനയിലെ ജിയാങ്‌സു ആസ്ഥാനമായി പ്രവർത്തിക്കുന്ന Fruit Mould എന്ന കമ്പനി പല രൂപത്തിലും ഭാവത്തിലും പഴങ്ങൾ വിളയിച്ചെടുക്കുന്നു. ശ്രീബുദ്ധന്റെ രൂപത്തിലുള്ള പിയര്‍പഴവും, തലയോട്ടിയുടെ രൂപത്തിലുള്ള മത്തങ്ങയും ഇവർ നിങ്ങൾക്ക് ഓർഡർ ചെയ്താൽ വീട്ടിലെത്തിച്ച് തരും. എന്തിനേറെ പറയുന്നു ഡൊണാൾഡ് ട്രംപ് മത്തങ്ങ വരെ ഇവർ ഉണ്ടാക്കിയിട്ടുണ്ട് ,ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് ചുരുക്കം (ഡിങ്ക സൂത്രം 16:9)

ഈ കഥ പറഞ്ഞത് എന്തിനാണെന്നല്ലേ. പഴങ്ങളുടെ രൂപമാറ്റത്തിനുള്ള വാണിജ്യ സാധ്യതകളെ കുറിച്ച് പറയാനാണ് .Tomoyuki Ono എന്ന് ഗ്രാഫിക് ഡിസൈനർ ചതുരത്തിലുള്ള തണ്ണിമത്തൻ ഉൽപ്പാദിപ്പിക്കുകയും അതിന്റെ പേറ്റന്റ് നേടിയെടുക്കുകയും ചെയ്തു. 7,500 രൂപയാണ് ഒരു തണ്ണിമത്തന് വില നിശ്ചയിച്ചിരിക്കുന്നത് . തണ്ണിമത്തനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഡെൻസ്യൂക്ക്നെക്കുറിച്ച് ഓർത്തത്. ലോകത്തെ ഏറ്റവും രുചികരമായ തണ്ണിമത്തൻ ആണ് ഡെൻസ്യൂക്ക്. ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ മാത്രം വളർത്തുന്ന ഡെൻസ്യൂക്ക് തണ്ണിമത്തന്റെ ഉയർന്നവില മൂന്നര ലക്ഷം രൂപയാണ്. ഞെട്ടിയോ….(തളള്….. തള്ളെയ്…..)

അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ, വയനാട്ടുകാർക്ക് സ്വന്തമായൊരു നെല്ല് ഉണ്ട്. പേര് ഗന്ധകശാല. ചന്ദനത്തിന്റെ മണമാണ് കക്ഷിക്ക്. സത്യമായിട്ടും തള്ളല്ല. ചെറുപ്പത്തിൽ അച്ഛൻ നെൽകൃഷി ചെയ്യുന്ന കാലം. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വയലിന്റെ അപ്പുറം കാടിനോട് ചേർന്ന വാസു ചെട്ടിയാരുടെ അഞ്ചാറ് കണ്ടം വയൽ വിളവെടുപ്പിന് മുമ്പ് ആന നിരപ്പാക്കിയിരിക്കും. കാരണം ഈ ഭാഗത്ത് വാസുചെട്ടിയാർ ഗന്ധകശാലയാണ് വിതച്ചിരുന്നത്. നെല്ല് പൂക്കുമ്പോൾ ആ പ്രദേശമാകെ ചന്ദനഗന്ധം പരന്നൊഴുകും. ആന ചേട്ടന്മാരും ചേച്ചിമാരും ഈ മണം കിട്ടിയാൽ വിടില്ല. ചെട്ടിയാർ സ്വന്തം ആവശ്യത്തിനായി കൃഷി ചെയ്തു കൊണ്ടിരുന്നതാണ് ഗന്ധകശാല. പരമ്പരാഗതമായി ചെട്ടി വിഭാഗക്കാരാണ് ഗന്ധകശാല കൃഷി ചെയ്യുന്നത്. ഇപ്പോൾ അന്യം നിന്നുകൊണ്ടിരിക്കുന്ന ഗന്ധകശാല വയനാട്ടിലെ ചേകാടി, തിരുനെല്ലി ഭാഗങ്ങളിലാണ് കുറച്ചെങ്കിലും കൃഷിചെയ്യുന്നത്. സാധാരണ നാലടിയോളം ഉയരത്തിൽ വളരുന്ന നെൽച്ചെടിയാണ് ഗന്ധകശാല.മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് പകുതിയോളമേ വിളവ് ലഭിക്കുകയുള്ളൂ.ചോമാല, ചേറ്റുവെളിയന്‍, തൊണ്ടി, പാല്‍ത്തൊണ്ടി, ഉരുണിക്കയമ, ജീരകശാല, കല്ലടിയാരന്‍ എന്നിവയും വയനാടിന്റെ സ്വന്തം നെല്ലുകൾ ആണ് .

ജീവിതത്തിൽ കഴിച്ച ഏറ്റവും രുചികരമായ ലഹരി പാനീയം നെങ്കള്ളാണ്. മൂക്കാത്ത നെല്ല് കൊയ്ത് എടുത്താണ് ഇത് നിര്‍മിച്ചിരുന്നത്. ഗന്ധകശാലയിൽ നിന്ന് ചന്ദനം മണക്കുന്ന നെങ്കള്ള് ഉണ്ടാക്കുക എന്നത് ചെറുപ്പകാലത്ത് നടക്കാതെ പോയ ഒരു അത്യാഗ്രഹമായിരുന്നു ,നടന്നിരുന്നെങ്കിൽ ഇന്ന് ഞാൻ പലരെയും ചന്ദനം മണപ്പിക്കുന്ന കോടീശ്വരനായി മാറിയേനെ….

ഇതുപോലെ എന്തെല്ലാം ഇനങ്ങൾ ആണ് നമുക്കുള്ളത്, സമുദ്ര ഉപരിതലത്തിൽനിന്ന് ആറായിരം അടിക്കു മുകളിലുള്ള വയനാട്ടിൽ വിളയിച്ചെടുക്കുന്ന കാപ്പി ലോകോത്തരമാണ്, പക്ഷേ കർഷകർ വിൽക്കുന്നത് കിലോ 60 രൂപയ്ക്കാണ്. ഒരു കിലോ NesCafe വാങ്ങണമെങ്കിൽ 2000 രൂപ വേണം. വയനാടൻ മഞ്ഞൾ വയനാടൻ കുരുമുളക് ,വയനാടൻ കൂവ, മാങ്ങയിഞ്ചി, കസ്തൂരിമഞ്ഞൾ എന്നിങ്ങനെ എത്ര എത്ര ഇനങ്ങൾ ഒരു ജില്ലയിൽ മാത്രം നമുക്കുണ്ട്. എന്നാണ് ഇവയെ ശരിയായ രീതിയിൽ ലോകവിപണിയിൽ എത്തിക്കുക?

കടകളിൽ പോയി നല്ല രൂപ ഭംഗിയുള്ള പഴവും പച്ചക്കറിയും തിരഞ്ഞെടുക്കുന്നതിനിടയിൽ നിങ്ങൾ ഇപ്പോഴും ചിന്തിച്ചിട്ടുണ്ടോ അവയുടെ മുൻപുള്ള രൂപം എന്തായിരുന്നു?. ഉദാഹരണത്തിന് ക്യാരറ്റ്. പത്താം നൂറ്റാണ്ടിൽ പേർഷ്യക്കാർ വളർത്തിയിരുന്ന കാരറ്റ് വെളുത്തു വിളറിയ വേരുകൾ നിറഞ്ഞ ഒരു ചെടി ആയിരുന്നു. അവയുടെ പഴയ രൂപം കാണാൻ കമൻറ് ബോക്സിൽ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് . ലിങ്ക് തുറന്നാൽ നിങ്ങൾ ഞെട്ടും. ആരും ഞെട്ടറ്റു വീഴരുത്.

കിട്ടാത്ത മുന്തിരി പുളിക്കും എന്ന് നമ്മൾ കേട്ടിട്ടുണ്ട്, ആരെങ്കിലും ആ മുന്തിരി ഏതാണ് എന്ന് അന്വേഷിച്ചിട്ടുണ്ടോ ?, പറയാൻ പോകുന്നത് ഒരു മുന്തിരി കഥയാണ് , കക്ഷിയുടെ പേര് റൂബി റോമൻ. ആള് റോമകാരനല്ല, ജപ്പാനിലെ Ishikawa Prefecture( മലയാളത്തിൽ എങ്ങനെയാണ് ഈ പേര് എഴുതുക എന്ന് സത്യമായിട്ടും എനിക്ക് അറിയില്ല) എന്ന സ്ഥലത്ത് വളർത്തിയെടുക്കുന്ന മുന്തിരിയാണ് റൂബി റോമൻ. ഒരു ഗ്രാമിന് 2000 രൂപയോളമാണ് വില. മുന്തിരി പുളിക്കും എന്ന് ഉറപ്പായി. അപ്പോൾ ഇനി ജപ്പാൻ കുറുക്കന്റെ കഥ കൂടെ കേൾക്കാം, ചുവന്ന കുറുക്കന്മാർ ഉള്ള നാടാണ് ജപ്പാൻ, ആശാൻമാർക്ക് സ്വന്തമായി വില്ലേജ് (Zao Fox Village)വരെയുണ്ട്. കഥ പറഞ്ഞ്, കൃഷി കാര്യം വിട്ടുപോയി.

ഒരു മരപ്പട്ടി കഥ കൂടി പറഞ്ഞു അവസാനിപ്പിക്കാം

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ദേഷ്യം വന്നാൽ ‘പോടാ മരപ്പട്ടി’ എന്നാണ് സുഹൃത്തുക്കളെ വിളിക്കാറ്, കാരണം ലവന്മാർ ചെയ്യുന്ന വൃത്തികേട് ഓർത്ത്. കാപ്പി പറിക്കാൻ പോകുമ്പോൾ കാപ്പി തോട്ടത്തിൽ പളുങ്കു മാല പകുതി പൊട്ടിയത് പോലെ കാപ്പിക്കുരുകൾ ഒട്ടിച്ചേർന്ന് കിടക്കുന്നുണ്ടാവും. മരപ്പട്ടികൾ കാപ്പിക്കുരുവിൻറെ തോല് തിന്നു കുരു അപ്പിയിട്ടു വയ്ക്കുന്നതാണത്. പിന്നീടൊരിക്കൽ ദുബായ് ഗ്ലോബൽ വില്ലേജിൽ വച്ച് കാപ്പിപ്രിയനായ സുഹൃത്ത് കോപ്പി ലുവാക് എന്ന ഐറ്റം പരിചയപ്പെടുത്തിത്തന്നു. കണ്ണ് തള്ളിയത് വില കേട്ടാണ് കിലോ 60,000 രൂപ. എന്താണ് പ്രത്യേകത എന്നല്ലേ , മരപ്പട്ടി തിന്നു കാഷ്ഠിക്കുന്ന കാപ്പിക്കുരു ആണത്രേ കോപ്പി ലുവാക് . കാലുകൊണ്ട് അറപ്പോടെ തട്ടിക്കളഞ്ഞ മരപ്പട്ടി കാഷ്‌ടത്തിന് പൊന്നുവില ആണെന്ന് അറിഞ്ഞിരുന്നില്ല. Mea culpa.

അപ്പോൾ ചോദ്യമിതാണ്.കൃഷിയുടെ സ്വന്തം നാടായ കേരളത്തിൽ നമ്മുടേതായി ഒരുപാട് ഇനങ്ങൾ ഉണ്ട്. പലതും രുചി കൊണ്ടും, ഗുണങ്ങൾ കൊണ്ടും ലോകപ്രശസ്തമാണ്. ഇവയുടെയെല്ലാം യഥാർത്ഥ വിപണിമൂല്യം നമുക്ക് കിട്ടുന്നുണ്ടോ?.