മുല്ലപ്പെരിയാർ കള്ളക്കളിയുടെ സംഭരണി

0

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാർ കളവിൻ്റെ വലിയ സംഭരണിയായിത്തീരുകയാണ്. കേരളത്തിലെ രണ്ട് മന്ത്രിമാർ – വനം വകുപ്പ് മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ജനങ്ങളോട് പറയുന്നത് പരസ്പര വിരുദ്ധമായിട്ടാണ്. അപ്പോൾ ഇവരിൽ ആരോ ഒരാൾ അല്ലെങ്കിൽ രണ്ടു പേരും പറയുന്നത് ശുദ്ധ കളവാണ്. കേരള ഭരണത്തിൻ്റെ ഇന്നത്തെ പൊതുവായ സവിശേഷത അറിയേണ്ടവർ ഒന്നും തന്നെ അറിയുന്നില്ല. വകുപ്പ് തലത്തിലെ ഉദ്യോഗസ്ഥർ മറ്റൊരു സംസ്ഥാനത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്മാരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമ്പോൾ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന നിലപാടാണ് സർക്കാറിന് ഉള്ളതെങ്കിൽ ആ സർക്കാറിനും നയിക്കുന്ന മുഖ്യമന്ത്രിക്കും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയും അവകാശവുമില്ല.

ബേബി ഡാമിലെ മരം മുറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യഥാർത്ഥത്തിൽ നടക്കുന്നത് മരം വെട്ടല്ല, ഉദ്യോഗസ്ഥന്മാരുടെ കടും വെട്ട് തന്നെയാണ്. എന്നിട്ടും ചിലർ മാത്രം ക്രൂശിക്കപ്പെടുകയും തുല്യ പങ്കാളിത്തമുള്ള അല്ലെങ്കിൽ അധിക പങ്കാളിത്തമുള്ള ചിലർ അത് നോക്കി ചിരിക്കുകയും ചെയ്യുന്ന വിരോധാഭാസം തന്നെയാണ് പ്രകടമാകുന്നത്. ബെന്നിച്ചൻ തോമസ് കരയുകയും ടി.കെ. ജോസ് ചിരിക്കുകയും ചെയ്യുമ്പോൾ കേരളം എങ്ങിനെയാണ് പ്രതികരിക്കേണ്ടത്. അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് കൈ കഴുകിയാലും കെടുകാര്യസ്ഥതയുടെ, ജന വഞ്ചനയുടെ ദുർഗന്ധം മാഞ്ഞു പോകില്ലെന്ന് ഉറപ്പ്.

കേരളത്തിലെ മുഖ്യ മന്ത്രി ഇനിയെങ്കിലും ചിലത് കണ്ണ് തുറന്ന് കാണേണ്ടതുണ്ട്. വനം വകുപ്പ് മന്തിയും ജലവിഭവ വകുപ്പ് മന്ത്രിയും സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നുണ്ടെങ്കിൽ തീർച്ചയായും അവർ ഞങ്ങളൊന്നും അറിഞ്ഞില്ല എന്ന് ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാനുള്ള സാമാന്യ മര്യാദയും ധാർമ്മികതയും പ്രകടിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കേരളത്തിന് ശാപവും അപമാനവും ഭാരവുമായി അധികാരത്തിൽ തുടരാതെ മാറിനില്ക്കാനുള്ള ലളിതമായ മര്യാദ കാണിക്കേണ്ടതുണ്ട്.