ഹോളിവുഡ് സിനിമകളുടെ പരമോന്നത ബഹുമതിയാണ് ഓസ്കാർ അവാർഡ്. ഫെബ്രുവരി 10ന് ഫലം പ്രഖ്യാപിച്ച 92 ണ്ടാമത് ഓസ്കാർ അവാർഡിൽ ജോക്കറും, പാരാസൈറ്റുമെല്ലാം പുരസ്‌ക്കാരങ്ങള്‍ വാരികൂട്ടിയ വേദിയില്‍ മലയാളിക്ക് അഭിമാനപുരസ്‌ക്കരം ഓർക്കാൻ ഒരു പേരുണ്ട്, തിരുവനന്തപുരത്തുക്കാരൻ സാജൻ സക്കറിയ. അങ്ങ് റെഡ്കാര്‍പ്പെറ്റില്‍ ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോൾ ഇങ്ങ് തിരുവനന്തപുരത്ത് സാജൻ സക്കറിയയും സന്തോഷിക്കുകയാണ്. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4’ ലൂടെയാണ് സാജനും ഈ അഭിമാനനേട്ടത്തിൽ പങ്കാളിയായത്.
ലോകോത്തര ആനിമേഷന്‍ കമ്പനിയായ ഡിസ്നി-പിക്സാര്‍ സ്റ്റുഡിയോയില്‍ കാരക്റ്റര്‍ സൂപ്പര്‍വൈസറാണ് സാജന്‍. ഇത് ആദ്യമായിട്ടല്ല സാജന്‍ ഓസ്‌ക്കാര്‍ പുരസ്‌ക്കാരത്തിന്റെ ഭാഗമാകുന്നത്. 2016 ല്‍ ഓസ്‌ക്കാര്‍ സ്വന്തമാക്കിയ ‘ഇന്‍സൈഡ് ഔട്ട്’ എന്ന ആനിമേഷന്‍ ചിത്രത്തിന് പുറകിലും സാജനും സംഘവും ഉണ്ടായിരുന്നു.
1992-96 ബാച്ചില്‍ കോഴിക്കോട് എന്‍.ഐ.ടിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു സാജന്‍.എൻ ഐ ടി കാലിക്കറ്റിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം സജാൻ സക്കറിയ ടെക്സസ് എ & എം യൂണിവേഴ്സിറ്റിയിൽ നിന്ന് വിഷ്വലൈസേഷൻ സയൻസസിൽ എം എസ് നേടി. തിരുവനന്തപുരം സ്വദേശിയായ സാജന്റെ മാതാപിതാക്കള്‍ മാര്‍ ഇവാനിസ് കോളെജിലെ അധ്യാപകരായിരുന്നു.