ഓസ്കാർ അവാർഡ് പ്രഖ്യാപനം തുടങ്ങി

0

ലോസ് ആഞ്ചലസ്: ലോകം ഉറ്റുനോക്കുന്ന 2019ലെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി. മികച്ച സഹനടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് 91ാമത് ഓസ്കാര്‍ പ്രഖ്യാപനം തുടങ്ങിയത്. ഇത്തവണത്തെ മികച്ച സഹനടിക്കുള്ള ഓസ്കാര്‍ പുരസ്കാരം റജീന കിംഗിനാണ്. ‘ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റജീന അവാര്‍ഡ് സ്വന്തമാക്കിയത്. ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍) വിഭാഗത്തില്‍ ‘ഫ്രീ സോളോ’ ആണ് പുരസ്‌കാരം നേടിയത്.

അമേരിക്കന്‍ ഡോക്യുമെന്ററിയാണ് ഫ്രീ സോളോ. ഇവരുടെ ആദ്യ ഓസ്കറാണിത്. ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. മുൻപ് മൂണ്‍ലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടിയിരുന്നു. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ഓസ്കര്‍ അവാര്‍ഡ് കൂടിയാണിത്.

ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് അക്കാദമി പുരസ്‌കാരങ്ങള്‍ എന്നറിയപ്പെടുന്ന ഓസ്‌കറിന്റെ 91ാം പതിപ്പ് അരങ്ങേറുന്നത്. അവതാരകന്‍ ഇല്ലാതെയാണ് ഇത്തവണ ഓസ്‌കര്‍ പ്രഖ്യാപനം നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം റൂത്ത് കാർട്ടർ ‘ബ്ലാക്ക് പാന്തർ’ എന്ന ചിത്രത്തിനു നേടി. മികച്ച ചമയം, കേശാലങ്കാരം എന്നിവയ്ക്കുള്ള ഓസ്കാർ ‘വൈസ്’ എന്ന ചിത്രം നേടി. മികച്ച വിദേശഭാഷ ചിത്രമായി റോമ (മെക്സിക്കോ) തെരഞ്ഞെടുത്തു. മികച്ച ആനിമേഷന്‍ ഫീച്ചര്‍ വിഭാഗത്തില്‍ സ്പൈഡര്‍മാന്‍ ഇന്‍ റ്റു ദ സ്പൈഡര്‍ വേഴേസിനാണ്. മികച്ച ആനിമേഷന്‍ ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് ബാവോ നേടി.

മികച്ച ശബ്‌ദ ലേഖനത്തിനുള്ള പുരസ്കാരം ബൊഹീമിയൻ റാപ്സഡി സ്വന്തമാക്കി. ജോൺവാർഹസ്റ്റ്, നിന ഹാർസ്റ്റോൺ എന്നിവർക്കാണ് പുരസ്കാരം. മികച്ച ശബ്‌ദമിശ്രണത്തിനുള്ള പുരസ്കാരവും ബൊഹിമിയൻ റാപ്സഡി സ്വന്തമാക്കി. പോൾ മാസെയ്, ടിം കവാജിൻ, ജോൺ കസാലി എന്നിവർക്കാണ് ശബ്ദമിശ്രണത്തിന് പുരസ്കാരം ലഭിച്ചത്. മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്കാരവും ബൊഹീമിയൻ റാപ്സഡിക്കു തന്നെ. ജോൺ ഓട്ട്മാനാണ് പുരസ്കാരം നേടിയത്.