കാനഡ ചുട്ടുപൊള്ളുന്നു: ഉഷ്ണതരംഗത്തിൽ മരിച്ചുവീണത് നൂറുകണക്കിന് ആളുകള്‍

1

ഒട്ടാവ: കാനഡ ചൂട്ടുപൊള്ളുന്നു. ഇതുവരെ ഉഷ്ണതരംഗത്തിൽപ്പെട്ട് 134 പേരാണ് മരിച്ചത്. ഏറ്റവും വലിയ താപനില ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റൻ പട്ടണത്തിലാണ് ഉണ്ടായത്. 49.6 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 62 ഇടത്താണ് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. തീ വ്യാപിക്കുന്നത് കണക്കിലെടുത്ത് പടിഞ്ഞാറന്‍ കാനഡയില്‍ നിന്ന് ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു.

വാന്‍കോവറില്‍ നിന്ന് വടക്കുകിഴക്കന്‍ ഭാഗത്ത് 250 കി.മീ അകലെയുള്ള ഒരു ഗ്രാമവും സമീപപ്രദേശങ്ങളും 90 ശതമാനവും കത്തിനശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ യുഎസിലും ഉഷ്ണതരംഗം ഉണ്ട്. കാലാവസ്ഥാവ്യതിയാനമാണ് ഇതിന്‌റെ കാരണമെന്നാണു കരുതപ്പെടുന്നത്.

വാഷിങ്ടൻ, ഓറിഗൺ സംസ്ഥാനങ്ങളിൽ ചൂടുമൂലം വിണ്ടുപൊട്ടി റോഡുകൾ തകരുന്നതിനാൽ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് അധികാരികൾ ആളുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. കടുത്ത ചൂടും കാറ്റും ഉഷ്ണതരംഗവുമാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്. അതേസമയം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അപകടമോ മരണങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തി ട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ഒഴിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.