ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാകും ഇന്ന് പ്രസിദ്ധീകരിച്ച് പുറത്തുവരിക.
കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ഇവര്‍ വികസിപ്പിച്ച വാക്‌സിന്‍ നിലവില്‍ ബ്രസീലില്‍ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. തങ്ങളുടെ വാക്‌സിന്‍ കോവിഡില്‍ നിന്ന് ഇരട്ട സംരക്ഷണം ഉറപ്പാക്കുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതേ സമയം വാക്‌സിന്‍ എന്ന് വിപണയില്‍ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.
വാക്‌സിന്‍ മൂലം രക്തത്തില്‍ രൂപപ്പെടുന്ന ആൻ്റിബോഡികള്‍ എത്രകാലം നിലനില്‍ക്കുമെന്ന് വ്യക്തമായിട്ടില്ല. ഇവ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രതിരോധശേഷി നല്‍കുമോയെന്ന് പറയാറായിട്ടില്ല. പ്രമുഖ ഔഷധ കമ്പനിയായ അസ്ട്രസെനക്കയുമായി ചേര്‍ന്ന് മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിൻ്റെ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് നേരത്തേ ‘ലാന്‍സെറ്റ്’ മെഡിക്കല്‍ ജേണല്‍ അറിയിച്ചിരുന്നു. സിഎച്ച്എഡി ഓക്‌സ്1 എന്‍കോവ്-19 എന്നാണ് വാക്‌സിനു പേരിട്ടിരിക്കുന്നത്.
വാക്‌സിന്‍ പ്രാരംഭ ഘട്ടത്തില്‍ മികച്ച ഫലങ്ങള്‍ കാണിക്കുകയും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ പകരുന്നുമെന്നുമാണ് വിവരം. സെപ്റ്റംബറോടെ വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.