ആകർഷകമായ വസ്ത്രധാരണം നടത്തി ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമാദി എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തത് വാഗ്ദാനങ്ങളുടെ പെരുമഴയുമായിരുന്നു’ തൻ്റെ ഒന്നര മണിക്കൂർ നീണ്ടുനിന്ന പ്രസംഗത്തിൽ അടിസ്ഥാന മേഖലയിലെ സമഗ്ര വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവാക്കൾക്ക് അവസരമൊരുക്കാനും ആഗോളതലത്തിൽ പ്രാദേശിക നിർമ്മാതാക്കളെ പ്രാപ്തരാക്കാനുമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നതിൻ്റെ കൂടെ എല്ലാവരുടെയും പരിശ്രമം എന്നുകൂടി കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞു ‘ ഇതിലൂടെ അടുത്ത ഇരുപത്തി അഞ്ച് വർഷങ്ങൾ കൊണ്ട്, രാഷ്ട്രം നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ ലോകത്തിന് മുൻപിൽ കൂടുതൽ തിളക്കമുള്ളതായി തീരുമെന്നും പ്രധാനമന്ത്രി പ്രതീക്ഷയർപ്പിച്ചു.
പ്രധാനമന്ത്രിയുടെ പ്രതീക്ഷ പോലെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞാൽ നല്ലത്. എന്നാൽ നമ്മുടെ മുന്നിലുള്ള ചരിത്ര യാഥാർഥ്യം അതല്ല. ആഘോഷ വേളകളിലെ പ്രഖ്യാപനങ്ങൾ പാഴ് വാക്കുകളായി പരിണമിക്കുകയാണ് സാധാരണയായി സംഭവിക്കാറുള്ളത്. നമുക്ക് ആഗ്രഹിക്കാം, വാഗ്ദാനങ്ങളുടെ പെരുമഴകൾ യാഥാർഥ്യമായിത്തീരട്ടെ എന്ന്.