പാലക്കാട്: മുതിർന്ന ആർഎസ്‍എസ് പ്രചാരകൻ പി.പരമേശ്വരൻ അന്തരിച്ചു. 93 വയസായിരുന്നു. ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാര ചടങ്ങുകള്‍.
ചേര്‍ത്തല താലൂക്കിലെ മുഹമ്മ താമരശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1927ലായിരുന്നു പി. പരമേശ്വരന്റെ ജനനം. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും പൂർത്തിയാക്കി. വിദ്യാഭ്യാസകാലത്താണ് ആര്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്.
1951 മുതല്‍ മുഴുവന്‍സമയ പ്രചാരകനായി. കേരളത്തില്‍ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഡല്‍ഹി ദീന്‍ ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ഭാരതീയവിചാരകേന്ദ്രം എന്നിവയുടെ ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പദവികള്‍ വഹിച്ചു.
രാജ്യം പത്മശ്രീ, പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം അമൃതകീര്‍ത്തി പുരസ്‌കാരമുള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.