പാക്‌ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു

0

ഇസ്ലാമാബാദ്: പാക്‌ വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോവിവരം അറിയിച്ചത്‌. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനിലായിരുന്നെന്നും പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്‌തെന്ന്‌ ഷാ മെഹ്‌മൂദ് ഖുറേഷി അറിയിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. തന്റെ ജോലി വീട്ടില്‍ തുടരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

പാകിസ്താനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും ഉന്നതനായ രാഷ്ട്രീയ നേതാവാണ് ഖുറേഷി. ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ രണ്ടാമനായ ഖുറേഷി ഭരണകക്ഷിയായ പാകിസ്താന്‍ തെഹ്‌രീകെ ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ കൂടിയാണ്.

പാകിസ്താനില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്‌. ചില നേതാക്കള്‍ രോഗം കാരണം മരിച്ചു. ദേശീയ അസംബ്ലി അംഗമായ മുനീര്‍ ഖാന്‍ ജൂണില്‍ രോഗ മുക്തനായതിന് പിന്നാലെ മരിച്ചു. ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2.2 ലക്ഷം പേര്‍ക്കാണ് പാകിസ്താനില്‍ ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 4500 മരണവും റിപ്പോര്‍ട്ട് ചെയ്തു.