ശ്രീനിവാസൻ വധക്കേസ്; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

0

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേർ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ഇതിലൊരാൾ കൃത്യം നടക്കുമ്പോൾ മേലാ മുറിയിലെത്തിയിരുന്നു.

ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. അതേസമയം, കേസില്‍ ഇന്നലെ അറസ്റ്റിലായ ശംഖുവാര തോട് പള്ളി ഇമാം സദ്ദാം ഹുസൈൻ ഉൾപ്പടെയുള്ള 3 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളിൽ ഒരാളെ ഒളിപ്പിച്ചതിനാണ് ശംഖുവാരത്തോട് പള്ളി ഇമാം ആയിരുന്ന സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. സുബൈർ വധക്കേസിൽ റിമാന്റിലുള്ള മൂന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇനിയും പൂര്‍ത്തിയായിട്ടില്ല.

കൊലയാളികളിൽ ഒരാളുടെ മൊബൈൽ ഫോൺ ശംഖുവാരത്തോട് പള്ളിയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. സുബൈർ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയിൽ മോർച്ചറിക്ക് സമീപത്തെ കബർസ്ഥാനിൽ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. കൊലപാതക ഗൂഢാലോചന നടന്നത് ജില്ലാശുപത്രിയുടെ പിൻവശത്ത് വെച്ചായിരുന്നു. മോർച്ചറിക്ക് പിന്നിലെ ഖബർസ്ഥാൻ റോഡിൽ 15 ന് രാത്രി ഒത്തുചേർന്ന പ്രതികൾ സുബൈർ വധത്തിന്റെ പ്രതികാരം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.

അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിഷുദിനം കുത്തിയതോട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.