മട്ടാഞ്ചേരിയുടെ ചുറ്റുവട്ടം മലയാള സിനിമയിൽ ഏറെയും പശ്ചാത്തലമായിട്ടുള്ളത് ഗുണ്ടകളെയും കൊട്ടേഷൻ ടീമുകളെയുമൊക്കെ പരിചയപ്പെടുത്താനാണ്. കൂടിപ്പോയാൽ ജൂതരുടെ ജീവിത കഥ പറയാനും ഉപയോഗപ്പെടുത്താറുണ്ട്. ഈ ഒരു ആവർത്തന വിരസതയെ തേച്ചു മാച്ചു കളയുന്നുണ്ട് ‘പറവ’യിലെ മട്ടാഞ്ചേരി പശ്ചാത്തലം. മട്ടാഞ്ചേരി തെരുവുകളിലെ ചുമരുകളിലും വീടുകളുടെ വാതിലിലും ജനാലയിലും നിർത്തിയിട്ടിരിക്കുന്ന ഓട്ടോ റിക്ഷയുടെ പിറകിലുമൊക്കെ എഴുതി ചേർത്ത ടൈറ്റിലുകൾ കാണിക്കുന്നത് തൊട്ട് പടം തീരുന്ന വരേക്കും കണ്ണിമ ചിമ്മാതെ കാണാനുള്ള ഒരായിരം കാഴ്ചകളെ ഒരുക്കിയിട്ടുണ്ട് സംവിധായകൻ. ഹസീബും ഇച്ചാപ്പിയും അവരുടെ പ്രാവുകളും മീനുകളുമൊക്കെ കൂടെ തീർക്കുന്ന കഥാന്തരീക്ഷത്തിൽ നിന്ന് ഫ്ലാഷ് ബാക്കിലേക്ക് പോകുമ്പോൾ മാത്രമാണ് പ്രായത്തിൽ മൂത്ത ഏതെങ്കിലും നടന്മാരുടെ മുഖം പോലും നമുക്ക് ശ്രദ്ധിക്കാൻ പറ്റുക. ദുൽഖറിന്റെ കഥാപാത്രത്തിന് ഒരു വല്ല്യേട്ടൻ സ്വഭാവമുണ്ടെങ്കിലും വല്ല്യേട്ടനിലെ മാധവനുണ്ണിയെ പോലെ അയാൾ ആരുടേയും ഒരു മുഴുനീള സംരക്ഷകനല്ല. എന്നാൽ കൂടെയുള്ളവരുടെ എല്ലാ കാര്യങ്ങളിലും അയാളുടേതായ ഇടപെടലുകളും തിരുത്തലുകളും കരുതലുകളുമുണ്ട്. വേണുനാഗവള്ളിയുടെ സുഖമോ ദേവിയിൽ മോഹൻലാലിന്റെ സണ്ണി സുഹൃത്തുക്കൾക്കിടയിലും ആ പ്രദേശവാസികൾക്കിടയിലും നേടിയെടുത്തിട്ടുള്ള ഒരു സ്വീകാര്യതയും അതുണ്ടാക്കുന്ന ഒരു ഓളവുമൊക്കെയുണ്ടല്ലോ. കഥയിലെ ഒരു സുപ്രഭാതത്തിൽ അതങ്ങ് ഇല്ലാതെയാകുമ്പോ വിശ്വസിക്കാൻ അന്ന് പാട് പെട്ടിട്ടുണ്ട്. ആ ഒരു വിയോഗത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആണ് ദുൽഖറിന്റെ ഇമ്രാൻ മനസ്സിനുണ്ടാക്കിയത്. വല്ലാത്തൊരു വിങ്ങലും.
ഷൈൻ നിഗത്തിന്റെയും ജേക്കബ് ഗ്രിഗറിയുടെയും അർജ്ജുന്റെയും സിദ്ധീഖിന്റെയുമടക്കമുള്ള കഥാപാത്രങ്ങളുടെ മൗനം പാലിച്ച മുഖങ്ങളും എന്തൊക്കെയോ പറയാനുണ്ടായിട്ടും പരസ്പ്പരം പറയാതെ മൂടി വച്ച മനസ്സുകളുമൊക്കെ സിനിമ കാണുന്നവരെ പോലും അസ്വസ്ഥമാക്കുന്നു. സിദ്ധീഖിന്റെയും ഹരിശ്രീ അശോകന്റെയും ഇന്ദ്രന്സിന്റെയും അടക്കമുള്ള പല കഥാപാത്രങ്ങളും സിനിമയിൽ ശ്രദ്ധ പിടിച്ചു പറ്റുമ്പോഴും അവരുടെയൊന്നും കഥാപാത്രത്തിന് ഒരു പേര് പോലും ഇല്ലായിരുന്നു എന്നോർക്കണം. പേരല്ല ആ കഥാപാത്രങ്ങളുടെ സിനിമയിലെ സ്ഥാനവും കഥാപാത്രമായി മാറിയുള്ള അവരുടെ പ്രകടനവും തന്നെയാണ് മികച്ച നടന്മാർ എന്ന നിലക്ക് അവർക്ക് പേരുണ്ടാക്കി കൊടുക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പറവയിലെ പല രംഗങ്ങളും. ചെറിയ കഥാപാത്രമായിട്ട് പോലും ഇന്ദ്രൻസിന്റെ ആ ഒരു സ്‌ക്രീൻ പ്രസൻസ് വല്ലാത്തൊരു ഫീൽ ആണുണ്ടാക്കിയത്. ഇന്ദ്രൻസിന്റെ ആ കഥാപാത്രത്തെ സ്‌ക്രീനിൽ പരിചയപ്പെടുത്തുന്നത് മരിച്ചു കിടക്കുമ്പോഴാണെങ്കിലും അയാളുടെ കഥാപാത്രം ജീവസ്സുറ്റതായി തുടരുന്നുണ്ട് സിനിമയിൽ. മൃതദേഹത്തെ ക്ലോസപ്പ് ഷോട്ടിൽ കാണിച്ചു കൊണ്ട് പശ്ചാത്തലത്തിൽ ആ കഥാപാത്രത്തിന്റെ ആഗ്രഹങ്ങളും ആകുലതകളും പ്രേക്ഷകനെ പറഞ്ഞു കേൾപ്പിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്.
ക്ളോസപ്പ് ഷോട്ടുകൾ കൊണ്ട് പല കഥാപാത്രങ്ങളെയും പൂർണ്ണതയോടെ ഒപ്പിയെടുക്കാൻ സൗബിന് സാധിച്ചു കാണാം സിനിമയിൽ. ഹസീബിനെയും ഇച്ചാപ്പിയേയും മുൻ നിർത്തി കൊണ്ട് കഥ പറയുമ്പോഴും പറയാൻ മാറ്റി വെക്കപ്പെട്ട മറ്റൊരു പിന്നാമ്പുറ കഥ കൂടിയുണ്ട് പറവക്ക് എന്നതിന്റെ സൂചനകൾ കിട്ടുന്നത് പോലും കഥാപാത്രങ്ങളുടെ മുഖ ഭാവങ്ങളിൽ നിന്നും മൗനത്തിൽ നിന്നുമൊക്കെയാണ്. എന്തായിരിക്കാം ആ ഫ്ലാഷ് ബാക്ക് എന്നറിയാനുള്ള കൗതുകം തീർത്തും പ്രേക്ഷകന്റെ മാത്രമാണ്. ഹസീബിന്റെയും ഇച്ചാപ്പിയുടെയും ഓർമ്മകളിലൂടെയും അറിവുകളിലൂടെയുമാണ് ആ കഥ വിവരിക്കപ്പെടുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വേർപാടിന്റെ വേദനയുടെയും പ്രതികാരത്തിന്റെയുമടക്കം എല്ലാ രംഗങ്ങളിലും കാതോർത്താൽ കേൾക്കാം പ്രാവുകളുടെ കുറു കറുകലുകളും ചിറകടിയുമൊക്കെ. മട്ടാഞ്ചേരി കോളനിയിലെ പതിവ് കാഴ്ചകൾക്ക് അപ്പുറം പുതിയ പലതും പറഞ്ഞു തരാനും കാണിച്ചു തരാനും സൗബിന് സാധിച്ചത് തന്റെ തന്നെ മട്ടാഞ്ചേരി ജീവിതാനുഭവങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നുമാണ് എന്നത് കൊണ്ടാകാം അവതരണ രീതിയിൽ വല്ലാത്തൊരു സത്യസന്ധത അനുഭവപ്പെടുന്നു.
ആകെ മൊത്തം ടോട്ടൽ = പറവ എന്ന പേര് സിനിമയെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ഒന്നായിരുന്നു. മട്ടാഞ്ചേരിയിലെ ജീവിതങ്ങളും ആകാശ കാഴ്ചകളുമൊക്കെ പ്രാവിന്റെ കണ്ണിലൂടെ കണ്ട പോലെയൊരു പ്രതീതി. ഇച്ചാപ്പിയുടെ വീടും വീട്ടുകാരുമായുമൊക്കെ അത്ര മേൽ ബന്ധമുള്ള ഒരാളെ പോലെ അവരുടെ അടുക്കളയിൽ വരെ സധൈര്യം വിഹരിക്കുന്ന പ്രാവുകളെ കാണാം സിനിമയിൽ. ഈ ഒരു സിനിമയെ യാഥാർഥ്യമാക്കാൻ സൗബിൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയാൻ ആ പ്രാവുകളെ മാത്രം ഒന്ന് നോക്കിയാൽ മതിയാകും. പ്രാവ് പറത്തൽ മത്സരത്തെ തുടക്കം മുതലേ വളരെ പ്രാധാന്യത്തോടെ ഉയർത്തി കാണിച്ചെങ്കിലും ഒടുക്കം അതിനു വലിയ പ്രസക്തി കൊടുത്തതായി കണ്ടില്ല. മട്ടാഞ്ചേരി ഗുണ്ടായിസത്തിന്റെ നാടല്ല എന്ന് ആണയിടുമ്പോഴും സൗബിനും ശ്രീനാഥ് ഭാസിയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കടന്നു വരവ് സിനിമയിൽ അത് വരെ നില നിന്ന സമാധാനന്തരീക്ഷത്തെ തകർത്തു കളയുകയും കഥയുടെ ഗതി തന്നെ മാറ്റുകയും ചെയ്യുന്നു. അതൊഴിച്ച് നിർത്തിയാൽ സ്ഥിരം മട്ടാഞ്ചേരി ഗുണ്ടാ / കൊട്ടേഷൻ കഥകളിൽ നിന്നും വേറിട്ടൊരു ദൃശ്യാനുഭവം തന്നെയാണ് പറവ. ആ അർത്ഥത്തിൽ തന്നെയാണ് സൗബിന്റെ ‘പറവ’ ഒരു പൊളി പറവയായതും മനസ്സ് കവർന്നതും.
Originally Published in സിനിമാ വിചാരണ
ലേഖകന്‍റെ ബ്ലോഗ് ഇവിടെ വായിക്കാം