ജനാധിപത്യത്തിൻ്റെ ശ്രീകോവിലാണ് പാർലമെൻ്റ് എന്നാണ് സങ്കല്പം. ജനാധിപത്യപരമായ രീതിയിൽ ക്രിയാത്മകമായ ചർച്ചകളിലൂടെ നാടിനെ ബാധിക്കുന്ന നിയമ നിർമ്മാണങ്ങൾ പാർലമെൻ്റിൽ വെച്ചാണ് രൂപം കൊള്ളുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അത്തരം ഒട്ടനവധി നിയമങ്ങൾ ചർച്ചയിലൂടെ രൂപപ്പെട്ടു വന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. പ്രഗത്ഭരായ പാർലമെൻ്റേറിയൻമാരുടെ ഒരു വലിയ നിര തന്നെ ജനാധിപത്യ ഭാരതത്തിൻ്റെ അഭിമാനമായി ചരിത്രത്തിൽ സ്ഥാനം നേടിയിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യം വലിയ പരിക്കുകളേൽക്കാതെ നിലനിൽക്കാനുള്ള കാരണവും നമ്മുടെ പാർലമെൻററി സമ്പ്രദായത്തിൻ്റെ മികവ് കൊണ്ട് തന്നെയാണ്.
എന്നാൽ ഈ മികവും ജനാധിപത്യ ശീലങ്ങളും മര്യാദകളും പാലിക്കാൻ ഇന്ന് നമുക്ക് കഴിയുന്നുണ്ടോ എന്ന് സഗൗരവം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പാർലമെൻറ് മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു കൊണ്ട് സഭാ നടപടികൾ പോലും കൃത്യമായി നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ നിർത്തിവെക്കേണ്ടി വരുന്നതും അനിശ്ചിതകാലത്തേക്ക് പിരിയേണ്ടി വരുന്നതും ജനാധിപത്യത്തിനു ഭൂഷണമല്ല. ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുന്നതിൽ ആര് വിജയിക്കുന്നു എന്നതല്ല പാർലമെൻ്റിനെ പ്രസക്തമാക്കുന്ന ഘടകം.
അവിടെ ഏതെല്ലാം രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നതെന്നതും എത്ര ഗൗരവമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത് എന്നതുമാണ് പ്രധാന കാര്യം. അതിലൂടെ ഉരുത്തിരിയുന്ന നിയമം രാഷ്ടത്തിന് എത്രമാത്രം നിയാമകമായിത്തീരുന്നുവെന്നതുമാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാൽ സാധാരണ ജനതയുടെ പേരിൽ, അവരുടെ വോട്ട് നേടി പദവിയിലെത്തുന്ന പാർലമെൻ്റ് അംഗങ്ങൾ സഭയിൽ നടത്തുന്ന പേക്കൂത്തുകൾ ജനാധിപത്യത്തിൻ്റെ ശക്തിയും സൗന്ദര്യവും അതിൻ്റെ മഹത്വവുമാണ് നശിപ്പിക്കുന്നത്. ഇന്ന് ഇന്ത്യൻ പാർലമെൻ്റിൻ്റെ നടപടികൾ കണ്ട് ഉപരാഷ്ട പതി ശ്രീ വെങ്കയ്യ നായിഡുവിന് വിതുമ്പേണ്ടി വന്നെങ്കിൽ നമ്മുടെ പാർലമെൻ്റിന് അതിൻ്റെ അന്തസ്സത്ത നഷ്ടപ്പെട്ടു എന്നു തന്നെ വേണം കരുതാൻ. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്നുവെന്ന് പറയുമ്പോൾ നമ്മുടെ ജനാധിപത്യത്തിന് പൂർണ വികാസവും വളർച്ചയും വന്നിട്ടുണ്ടെന്ന് തന്നെയാണ് വിശ്വസിക്കേണ്ടത്.
അത്തരമൊരു സന്ദർഭത്തിൽ പാർലമെൻ്റിലെ സംഭവങ്ങൾ നാടിനെ നാണക്കേടിലേക്ക് നയിക്കുന്നതായിരിക്കരുത്. അവിടെയാണ് രാഷ്ടീയ വിവേകവും പക്വതയും പ്രകടിപ്പിക്കേണ്ടത്. പാർലമെൻ്റിൻ്റെ പവിത്രത സംരക്ഷിക്കേണ്ടത് ജനാധിപത്യ മര്യാദയാണ്.