പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടേയോ പിതാവിന്റെയോ പേര് ചേര്‍ക്കേണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട മന്ത്രാലയ സമിതിയുടെ ശുപാര്‍ശ. പാസ്‌പോര്‍ട്ട് എടുക്കുന്നതിന് പ്രത്യേകിച്ച് , സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നടപടിക്രമങ്ങളുടെ പേരില്‍ നേരിടേണ്ടി വരുന്ന മാനുഷിക പീഡനത്തെക്കുറിച്ചുള്ള പരാതി പരിഗണിച്ചാണ് ഈ ശുപാര്‍ശ.
പാസ്‌പോര്‍ട്ട് നല്‍കുന്ന വ്യക്തിയുടെ ഭാര്യയുടെയോ
/ഭര്‍ത്താവിന്റെയോ പിതാവിന്റെയോ രക്ഷാകര്‍ത്താവിന്റെയോ പേര് പാസ്‌പോര്‍ട്ടില്‍ അച്ചടിക്കുന്ന രീതി നിര്‍ത്തലാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് സമിതി നല്‍കിയിരിക്കുന്ന ശുപാര്‍ശ.
ഇന്ത്യയിലോ വിദേശത്തോ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് യാത്രക്കാരന്റെ ബന്ധുക്കളെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ അപ്രധാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുടെ പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലെ പൗരന്മാരുടെ പാസ്‌പോര്‍ട്ട് ബുക്കില്‍ പിതാവിന്റെയോ മാതാവിന്റെയോ ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ പേര് വിവരം പേജ് 35 ല്‍ അച്ചടിക്കുന്ന രീതി നിലവിലില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വിവരങ്ങള്‍ ആവശ്യമാണെങ്കിലും അത് പാസ്‌പോര്‍ട്ടില്‍ അച്ചടിച്ച് ചേര്‍ക്കേണ്ടെന്നാണ് നിര്‍ദേശം. 1967 ലെ പാസ്‌പോര്‍ട്ട് ചട്ടത്തില്‍ വരുത്തേണ്ട ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനിലേയും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലേയും അംഗങ്ങള്‍ അടങ്ങുന്ന സമിതി രൂപവത്കരിച്ചത് മൂന്നു മാസം മുമ്പാണ്.
ഇമിഗ്രേഷന്‍ നടപടികള്‍ക്ക് യാത്രക്കാരന്റെ പേര്, ലിംഗം, രാജ്യം, ജനന തീയതി എന്നിങ്ങനെ പാസ്‌പോര്‍ട്ടിലെ രണ്ടാം പേജിലുള്ള വിവരം മതിയാകും. വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കാണ് നിലവിലെ രീതിയില്‍ പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നത്. ദത്തെടുത്തവര്‍, വാടകഗര്‍ഭപാത്രത്തില്‍ ജനിച്ചവര്‍ വിവാഹേതര ബന്ധത്തില്‍ ജനിച്ചവര്‍ തുടങ്ങിയവര്‍ക്കും നിലവിലെ രീതിയില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് സാങ്കേതിക തടസ്സം നിലനില്‍ക്കുന്നുണ്ട്.<