പാസ്പോര്‍ട്ട്‌ നിറംമാറ്റം; സ്വന്തം രാജ്യം തന്നെ പൗരൻമാരെ തരംതിരിക്കുന്നു എന്നാക്ഷേപം

1

പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകള്‍ക്കെതിരെ പ്രതിഷേധം ശക്തം. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് നിറമാക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ നീക്കം വിവേചനപരമാണെന്ന വാദവുമായി ഇതിനോടകം നിരവധി പേര്‍  രംഗത്ത് വന്നുകഴിഞ്ഞു.

സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിനു  തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നീക്കം. ശുപാർശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്പോർട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്സ്പോർട്ടിലെ മേൽവിലാസമുൾപ്പെടെയുള്ള വിവരങ്ങളുള്ള അവസാന പേജ് എടുത്തു മാറ്റാനും തീരുമാനമുണ്ട്. കഴിഞ്ഞ ഞായറാഴ്ച വിദേശ കാര്യ മന്ത്രാലയമാണ് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇമ്മിഗ്രേഷന്‍ പരിശോധനയില്‍ ഇത് കൂടുതല്‍ സുഗമമാകും എന്നാണ് അവരുടെ വിലയിരുത്തല്‍.

നിലവില്‍ മൂന്ന് നിറങ്ങളിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുള്ളത്. ഉന്നത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഗവണ്‍മെന്റിന്റെ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും (ഒഫീഷ്യല്‍ പാസ്പോര്‍ട്ട്) വെളുത്ത നിറമുള്ള പാസ്‌പോര്‍ട്ട്. നയതന്ത്ര പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചുവന്ന പാസ്‌പോര്‍ട്ട് (ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്). ഇമ്മിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരും (ECR), ആവശ്യമില്ലാത്തവരും (ECNR) ആയ മറ്റുള്ള പൗരന്മാര്‍ക്ക് നീല പാസ്‌പോര്‍ട്ട് എന്നിങ്ങനെയാണ്. ഇതില്‍ ബഹുഭൂരിപക്ഷവും വരുന്ന ECR വിഭാഗക്കാരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ചാക്കാനാണ് ഇപ്പോള്‍ തീരുമാനം. ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോർട്ട് പരിഷ്കരണം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

പാസ്‌പോർട്ട് ഉടമയുടെ മേൽവിലാസവും എമിഗ്രേഷൻ സ്റ്റാറ്റസും പാസ്‌പോർട്ടിന്റെ അവസാനപേജിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനവും പ്രവാസികൾക്ക് തിരിച്ചടിയാകും എന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. മാത്രമല്ല  വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സാധാരണക്കാരായ തൊഴിലാളികളെ രണ്ടാംതരക്കാരായി കാണുന്ന നടപടിയാണ് ഇതെന്നും ആക്ഷേപമുണ്ട്. സ്വന്തം രാജ്യം തന്നെ പൗരൻമാരെ ഇങ്ങനെ തരംതിരിക്കുന്നതിന്റെ ഉദാഹരണമാണിതെന്നും പരാതിയുണ്ട്.