ലണ്ടൻ: പ്രശസ്തമായ ബുക്കർ സാഹിത്യ സമ്മാനത്തിന് ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ച് അർഹനായി. പ്രോഫറ്റ് സോങ് എന്ന നോവലാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. അര ലക്ഷം പൗണ്ടാണ് (ഏകദേശം അഞ്ചേകാൽ ലക്ഷം രൂപ) സമ്മാനത്തുക.
163 പ്രസാധകർ സമർപ്പിച്ച നോവലുകളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത ആറ് കൃതികളിൽനിന്നാണ് പ്രോഫറ്റ് സോങ്ങിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. നാൽപ്പത്താറുകാരനായ ലിഞ്ചിന്‍റെ അഞ്ചാമത്തെ നോവലാണിത്.
ഏകാധിപത്യത്തിന്‍റെയും യുദ്ധത്തിന്‍റെയും പിടിയിലാകുന്ന അയർലൻഡിന്‍റെ സാങ്കൽപ്പിക പശ്ചാത്തലത്തിലാണ് നോവൽ. ഇവിടെ ഒരു സ്ത്രീ തന്‍റെ കുടുംബത്തെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഇതിവൃത്തം. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ സംഘർഷങ്ങളെയും സിറിയയിലെ അഭയാർഥി പ്രശ്നത്തെയുമെല്ലാം സ്വന്തം അനുഭവമായി വായനക്കാർക്ക് അനുഭവപ്പെടുത്താനുള്ള ശ്രമമാണ് താൻ നടത്തിയെന്ന് ലിഞ്ച് പറഞ്ഞു.
അയർലൻഡിന്‍റെ തലസ്ഥാനമായ ഡബ്ലിനിൽ തീവ്ര വലതുപക്ഷ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട് 48 മണിക്കൂറിനുള്ളിലാണ് ഈ നോവലിനു പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമായി. ഹൃദയഭേദകമായ വായനാനുഭവം എന്നാണ് നോവലിനെ പുരസ്കാര നിർണയ സമിതി വിലയിരുത്തിയത്.
മുഴുവൻ സമയ എഴുത്തുകാരനാകുന്നതിനു മുൻപ് സിനിമ നിരൂപണത്തിൽ സ്പെഷ്യലൈസ് ചെയ്ത മാധ്യമ പ്രവർത്തകനായിരുന്നു പോൾ ലിഞ്ച്.
ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു കൃതികൾ:
ദ ബീ സ്റ്റിങ് – പോൾ മറേ (അയർലൻഡ്)
ദിസ് അദർ ഈഡൻ – പോൾ ഹാർഡിങ് (യുഎസ്)
സ്റ്റഡി ഫോർ ഒബീഡിയൻസ് – സാറാ ബേൺസ്റ്റീൻ (ക്യാനഡ)
ഇഫ് ഐ സർവൈവ് യൂ – ജൊനാഥൻ എസ്കോഫറി (യുഎസ്)
വെസ്റ്റേൺ ലെയിൻ – ചേതല മാരൂ (യുകെ)