പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് പീര്‍ മുഹമ്മദ്.
1945 ജനുവരി 8ന് തമിഴ്‌നാട് തെങ്കാശിയില്‍ ജനിച്ച പീര്‍ മുഹമ്മദ് നന്നേ ചെറുപ്പത്തില്‍ കേരളത്തിലേക്കെത്തുകയും മാപ്പിളപ്പാട്ട് രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും ചെയ്തു.
‘ഒട്ടകങ്ങള്‍ വരിവരിവരിയായ് കാരയ്ക്ക മരങ്ങള്‍ നിരനിരനിരയായ്’, ‘കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ’ തുടങ്ങി മലയാള മാപ്പിളഗാനരംഗത്ത് ആസ്വാദകര്‍ ഏറ്റെടുത്ത പല ഗാനങ്ങളും പീര്‍ മുഹമ്മദിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയതാണ്. സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ലെങ്കില്‍ കൂടി വിശാലമായ ഒരു സംഗീത ആസ്വാദകരെ ചേര്‍ത്തുവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാലുമണിക്ക് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ നടക്കും.